തിരുവനന്തപുരം: എൻ സി പി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തോമസ് കെ തോമസ് എംഎൽഎയ്ക്കതിരെ പാർട്ടി നടപടിയ്ക്ക് സാധ്യത. തോമസ് കെ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കേന്ദ്ര നേതൃത്വത്തെ കണ്ടു. എ.കെ. ശശീന്ദ്രൻ വിഭാഗവും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. എന്നാൽ ആരോപണത്തിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ് തോമസ് കെ തോമസ്.
കഴിഞ്ഞ ദിവസമാണ് എൻ സി പി കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം റെജി ചെറിയാൻ തന്നെ കൊല്ലാൻ ശ്രമിച്ചു എന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകിയത്. അതിനുശേഷം മാദ്ധ്യമങ്ങള്ക്ക് മുന്നിൽ പ്രതികരിച്ച തോമസ് കെ തോമസ് സംസ്ഥാന നേതൃത്വത്തിനെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്ക് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ആകില്ലെന്നും തോമസ് കെ തോമസ് പരസ്യ വിമർശനമുന്നയിച്ചു. ഇത് കടുത്ത അച്ചടക്ക നടപടി ആണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തോമസ് കെ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്നാവശ്യപ്പെട്ട് പിസി ചാക്കോ ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കണ്ടിരുന്നു. തുടർന്ന് മന്ത്രി എ കെ ശശീന്ദ്രൻ വിഭാഗവും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. തോമസ് കെ തോമസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നുമാണ് പരാതി.
ആലപ്പുഴ ജില്ലാ കമ്മിറ്റിയും തോമസ് കെ തോമസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ തോമസ് കെ തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകാനാണ് സാധ്യത. കേന്ദ്ര നേതൃത്വം നടപടിയെടുക്കാൻ ഉടൻ നിർദ്ദേശം നൽകുമെന്നാണ് സൂചന.
Comments