തിരുവനന്തപുരം: സിപിഎം എന്ന പേര് മാറ്റി കൂടെ മുസ്ലീം എന്ന് ചേർക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. പിഎഫ്ഐ നിരോധിച്ചപ്പോൾ ഷംസീർ ബദലായി പ്രവർത്തിക്കുകയാണെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. യുവമോർച്ച നിയമസഭയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്തു.
സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് യുവമോർച്ച. ഷംസീർ രാജിവച്ച് മാപ്പ് പറയണമെന്ന് ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് യുവമോർച്ച അദ്ധ്യക്ഷൻ വ്യക്തമാക്കി. യുവമോർച്ച സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. എന്നാൽ സമാധാനപരമല്ലാതെയും യുവമോർച്ചയ്ക്ക് മാർച്ച് നടത്താൻ അറിയാമെന്നും അത് മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ ഷംസീറും മനസിലാക്കണമെന്നും യുവമോർച്ച അദ്ധ്യക്ഷൻ പ്രതികരിച്ചു.
ജനപ്രതിനിധികൾ പാലിക്കേണ്ട മര്യാദ പാലിക്കാൻ ഇവർ തയ്യാറാവണം. മഹാരഥന്മാർ ഇരുന്ന കസേര വർഗീയവാദിയായ ഷംസീറിനിരിക്കാനുള്ളതല്ല. സജി ചെറിയാന്റെ നിലപാട് മാറ്റം കേരളം കണ്ടതാണ്. എന്നാൽ അത്തരം മാറ്റം എന്തുകൊണ്ട് ഷംസീർ കാണിച്ചില്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഗോവിന്ദനേക്കാൾ വലുത് റിയാസാണെന്ന് വ്യക്തമായതാണെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു.
Comments