കോട്ടയം : ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്‌ട്രീയമാണെന്നും വിശ്വാസത്തെ ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍. കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും രൂക്ഷമായി വിമര്‍ശിച്ച് അനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.
”ഉമ്മന്‍ചാണ്ടിയുടെ 41-ാം ചരമദിവസം പുതുപ്പള്ളിയിലെ എല്ലാ ബൂത്തുകളില്‍നിന്നും കബറിടത്തിലേക്ക് ജാഥയായി എത്തണമെന്നാണ് കോട്ടയം ഡിസിസി ഓഫീസില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൃത്യമായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്. എറണാകുളത്ത് ഡിസിസി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അതില്‍ പങ്കെടുത്തയാളുകള്‍ കൈയടിക്കുന്നതാണ് കണ്ടത്. അനുശോചനയോഗത്തില്‍ കൈയടിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല. ഓരോ മരണത്തെയും കോണ്‍ഗ്രസ് ആഘോഷിക്കുകയാണ്.
ഓരോ തിരഞ്ഞെടുപ്പിലും സഹതാപതരംഗം സൃഷ്ടിക്കുക എന്നത് കോണ്‍ഗ്രസിന്റെ അജണ്ടയാണ്. 53 കൊല്ലമായി ഞങ്ങള്‍ അനുഭവിച്ച ഉമ്മന്‍ചാണ്ടിയുണ്ട്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിന്റെ ക്രൗര്യം ഞങ്ങള്‍ കോട്ടയത്ത് അനുഭവിച്ചിട്ടുണ്ട്. ആ രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായി നേരിടുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
വിശുദ്ധപദവിയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കേണ്ടത് നമ്മളാരുമല്ല. വിശുദ്ധനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സഭാനേതൃത്വമാണ്. ഉമ്മന്‍ചാണ്ടി ചെയ്തതിനെക്കേള്‍ എത്രയോ മഹത്തരമായ കാര്യങ്ങള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍വഹിച്ചുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലാത്ത വിശുദ്ധപദവി കേരളത്തില്‍ മറ്റാര്‍ക്കുമുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഏതെങ്കിലും പള്ളിയില്‍ കബറിടത്തില്‍ പന്തലുകെട്ടി ഇതുപോലെ പരിപാടി നടത്തുന്നത് കണ്ടിട്ടുണ്ടോ. കല്ലറയില്‍ കുടുംബാംഗങ്ങള്‍ പോയി പ്രാര്‍ഥിക്കുന്നതെല്ലാം കണ്ടിട്ടുണ്ട്.
പുതുപ്പള്ളിയിലെ ആറ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ സി.പി.എമ്മുകാരാണ്. പാലായില്‍ ചെയ്തത് എന്താണോ അതിന്റെ തുടര്‍ച്ച പുതുപ്പള്ളിയിലുണ്ടാകും. പുതിയ പുതുപ്പള്ളി ഉയര്‍ന്നുവരും. പുതുപ്പള്ളി ഇതുവരെ ഒരു കിടങ്ങായിരുന്നു. പുതിയ പുതുപ്പള്ളി കേരളത്തോടൊപ്പം സഞ്ചരിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
. ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള കോണ്‍ഗ്രസാണ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയതെന്നും കൊലയാളികള്‍ക്കൊപ്പം നിന്നയാള്‍ എങ്ങനെ വിശുദ്ധനാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അനിൽ കുമാർ പറഞ്ഞത് . ഗ്രൂപ്പുവഴക്കില്‍ പുതുപ്പള്ളിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകര്‍ത്താവിന് എങ്ങനെ ലഭിക്കാനാണെന്നും കുറിപ്പില്‍ ചോദിച്ചിരുന്നു.
Comments