തിരുവനന്തപുരം: കേരളത്തിലെ ആദ്യ ദേശീയ വനിതാ ജൂഡോ റഫറിയായി മലയാളി വീട്ടമ്മ. തിരുമല സ്വദേശിയായ ജയശ്രീയാണ് കേരളത്തിലെ ആദ്യത്തെ ദേശീയ വനിതാ ജൂഡോ റഫറിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്. വൃന്ദാവൻ ജൂഡോ അക്കാഡമിയിൽ ജൂഡോ താരങ്ങൾക്ക് പരിശീലനം നൽകുന്ന തിരക്കിലാണ് ജയശ്രീ.
കർണാടകയിലെ ബെല്ലാരിയിൽ നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ റഫറിയാകാൻ ഈ വീട്ടമ്മയ്ക്ക് അവസരം ലഭിച്ചു. പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോയോടുള്ള താത്പ്പര്യം. പലരും എതിർത്തെങ്കിലും തന്റെ ആഗ്രഹം മുറുകെ പിടിച്ചുകൊണ്ടായിരുന്നു ജയശ്രീയുടെ യാത്ര. തന്റെ ആഗ്രഹം നിറവേറ്റാൻ കഠിനാദ്ധ്വാനത്തിലായിരുന്ന വീട്ടമ്മ ഒരിക്കൽ പോലും ഒന്നിനു വേണ്ടിയും ജൂഡോയോടുള്ള ഇഷ്ടം ത്യജിക്കാൻ തയ്യാറായില്ല. ആഗ്രഹത്തിനും ഇഷ്ടത്തിനുമനുസരിച്ച് ജൂഡോയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു ജയശ്രീ. അവസാനം തന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഈ വീട്ടമ്മ.
‘കേരളത്തിന്റെ ജൂഡോ ചരിത്രത്തിൽ ഇതുവരെ വനിതാ റഫറിയുണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സെക്കന്റ് ബ്ലാക്ക് ബെൽറ്റ് എടുത്ത ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ റഫറിയായി’അതിയായ സന്തോഷമുണ്ടെന്ന് ജയശ്രീ പറഞ്ഞു. മുന്നിൽ നിൽക്കുന്ന എതിരാളിയെ വലിപ്പച്ചെറുപ്പമില്ലാതെ കീഴ്പ്പെടുത്താൻ ജയശ്രീയുടെ കുട്ടികൾ റെഡിയാണ്. എതിരാളിയെ മലർത്തിയടിക്കാനുള്ള തന്ത്രവും കായികക്ഷമതയും പകർന്ന് നൽകുകയാണ് കുട്ടികളുടെ ജയശ്രീ ടീച്ചർ.
Comments