ഓഗസ്റ്റ്-9! ഈ ദിനം ജപ്പാനിലെ ജനങ്ങളെ മാത്രമല്ല, ലോകജനതയെ ഒന്നാകെ ഞെട്ടിച്ച ക്രൂരതയുടെ മറ്റൊരു മുഖമായിരുന്നു. ഓഗസ്റ്റ്-8 ന് കളിച്ചു ചിരിച്ചു നടന്ന കുഞ്ഞുങ്ങളുടെയടക്കം, ജപ്പാനിലെ ഒരുകൂട്ടം നിസ്സഹയരായ മനുഷ്യരുടെ ചിരി മാഞ്ഞ് കണ്ണീർക്കടൽ ഉടലെടുത്തത് ഒരൊറ്റ ദിവസം കൊണ്ട്.
1945 ഓഗസ്റ്റ് 9- നാണ് ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്നെയായിരുന്നു അമേരിക്ക നാഗസാക്കിയെയും കണ്ണീർകയത്തിലെത്തിച്ചത്. 4630 കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാൻ’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്കിരയാക്കിയത്. ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് ആ ദുരന്തത്തിൽ കൊല്ലപ്പെടുന്നത്.
ലോകം മുഴുവൻ ഒരു ഞെട്ടലോടെ കേട്ട രണ്ട് ദുരന്തങ്ങൾ. ആക്രമണങ്ങളെ അതിജീവിച്ചവർ അനുഭവിച്ച യാതനകളും വേദനകളും അവർണനീയമായിരുന്നു. ചിലർ ജീവഛവമായി ജീവിതം തളളി നീക്കി, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് അനാഥരായവരുടെ കണ്ണീരിനോടൊപ്പം കലർന്നത് രക്തത്തുളളികളായിരുന്നു. മൂന്നര ലക്ഷം പേർ ഉള്ള നഗരത്തിൽ മരിച്ചവരുടെ എണ്ണം വർഷാവസാനമായപ്പോഴേക്കും 140,000 ആയി. അതുകൊണ്ടും ജപ്പാനിലെ മനുഷ്യരുടെ ദുരിതം അവസാനിച്ചില്ല. ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവർ അണുബോംബിന്റെ പ്രസര ശക്തിയിൽ കാൻസർ പോലുള്ള മാറാരോഗങ്ങൾ പിടിപ്പെട്ട് മരണത്തിന് കീഴടങ്ങി. നാഗസാക്കി മണ്ണിലേക്ക് ജനിച്ചു വീണ കുഞ്ഞുങ്ങൾ അംഗവൈകല്യത്തിന്റെ ഭാരം പേറി ജീവിതം തള്ളി നീക്കേണ്ടി വരുന്ന ദു;ഖത്തിന്റെ നാളുകളിലൂടെയായിരുന്നു ജപ്പാൻ പിന്നീട് കടന്നുപോയത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണ ജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്. സോവിയറ്റ് യൂണിയൻ ജർമ്മനി കീഴടക്കിയതോടെ യൂറോപ്പിൽ യുദ്ധത്തിന് കൂച്ചുവിലങ്ങിട്ടു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതോടെ അമേരിക്കൻ വിമാനങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ മൂന്ന് ദിവസത്തിന്റെ വ്യത്യാസത്തിൽ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ സെപ്റ്റംബർ രണ്ടാം തീയതി കീഴടങ്ങി. അമേരിക്കയുടെ അധിനിവേശത്തിന്റെ മുറിവുകൾ 78 വർഷം പിന്നിടുമ്പോഴും ജപ്പാന്റെ പ്രാന്തപ്രദേശങ്ങളിൽ മായാത്ത രക്തക്കറ അങ്ങിങ്ങായി ചിതറിതെറിച്ചിരിക്കുന്നത് കാണാം..
Comments