തൃശൂർ: ഓണമാകാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ നഗരത്തിൽ തിരക്ക് വർദ്ധിക്കുന്നു. സ്വാതന്ത്യ ദിനാഘോഷവും പിന്നാലെ ഓണവും ഇങ്ങെത്തിയതോടെ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മറ്റ് കടകളിലും ഉൾപ്പെടെ തിരക്കുകൾ അനുദിനം വർദ്ധിക്കുകയാണ്. ഇതിനാൽ തന്നെ സുരക്ഷ മുൻകൂട്ടി കണ്ട് പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഓണാഘോഷ വേളകളിൽ അബ്കാരി കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനുള്ള സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കുന്നത്. ഇതിന് മുന്നോടിയായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിലാണ് ജില്ലാ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. താലൂക്ക് തലത്തിലും എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മദ്യം, സ്പിരിറ്റ്, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിർമ്മാണം വിതരണം എന്നിവ സംബന്ധിച്ചുമുള്ള അനധികൃത നീക്കങ്ങൾ തടയുന്നതിന് വേണ്ടിയുമാണ് കൺട്രോൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം നിയോഗിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുഖേനയും അറിയിക്കാൻ സാധിക്കും. കൺട്രോൾ റൂമിലേക്ക് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്.
Comments