വിശ്വാസികളുടെ വികാരങ്ങൾ അന്ധവിശ്വാസമെങ്കിൽ പിന്നെയെന്തിനാണ് ദേവസ്വം ബോർഡെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ക്ഷേത്രം ആര് ഭരിക്കണമെന്ന് വിശ്വാസികൾ തീരുമാനിക്കട്ടെയെന്നും അവിശ്വസികൾ പുറത്ത് പോകണമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ക്വിറ്റ് ഇന്ത്യാദിനത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ മലബാർ ദേവസ്വം ബോർഡ് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിപിഎമ്മും മതേതര സർക്കാരും ക്ഷേത്രം വിട്ട് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സമ്പന്നമായ ക്ഷേത്രങ്ങളിൽ പോലും ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല.18 മാസമായി ശമ്പളം ലഭിക്കാത്ത ക്ഷേത്രങ്ങളുണ്ട്. വരുമാനമുള്ള ക്ഷേത്രങ്ങളിലാണ് ജീവനക്കാരെ പട്ടിണിക്കിടുന്നത്. റവന്യൂ പുറമ്പോക്ക് ഭൂമികളെല്ലാം ക്ഷേത്രങ്ങളുടേതാണ്. പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് സർക്കാർ പിടിച്ചെടുത്തത്. ന്യായമായ അവകാശങ്ങളൊന്നും ജീവനക്കാർക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ഇടതുപക്ഷ നേതാക്കളുടെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾക്കെതിരായ മുന്നറിയിപ്പായി മാറി. ഇസ്ലാമിക അനാചാരങ്ങളെക്കുറിച്ച് ആരെങ്കിലും വിമർശിക്കുമോയെന്നും ജിഹാദികൾ പാർട്ടിയിൽ ഉണ്ടെന്ന് ആദ്യം പറഞ്ഞത് വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശനം ഏക പക്ഷീയമാകരുത്, ജിഹാദികൾ മാർക്സിസ്റ്റ് മുഖം മൂടിയിട്ട് വിമർശിച്ചാൽ തിരിച്ചും വിമർശിക്കേണ്ടിവരുമെന്നും വത്സൻ തില്ലങ്കേരി മുന്നറിയിപ്പ് നൽകി.
ഏകീകൃത സിവിൽ കോഡിനെതിരായ നിയമസഭാപ്രമേയം ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ രീതിയിൽ തന്നെയായിരുന്നു പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയും മഅദനിയെ വെറുതെ വിട്ടയയ്ക്കണമെന്ന നിയമസഭ പ്രമേയം പാസാക്കിയതും. 2002 മെയ് മാസം മാറാട് കലാപത്തെത്തുടർന്ന് മാറാട് വിട്ട് പോയവർക്കായും നിയമസഭ പ്രമേയം പാസാക്കി. 92-ൽ മലപ്പുറത്ത് ഹിന്ദുക്കൾ കൊല്ലപ്പെട്ടതിലും ക്ഷേത്രം തകർത്തതിലും നിയമസഭ തികഞ്ഞ മൗനം പാലിച്ചിരുന്നത് ഈ വേളയിൽ ശ്രദ്ധേയമാണ്. അന്ന് ശബ്ദമുയർത്താൻ ആര്യാടൻ മുഹമ്മദ് മാത്രമാണുണ്ടായിരുന്നത്. ചില പ്രത്യേക താത്പര്യങ്ങൾ മുന്നിൽ കണ്ടാണ് സിപിഎമ്മും മതേതര സർക്കാരും പ്രവർത്തിക്കുന്നതെന്ന് ചരിത്രം തന്നെ വ്യക്തമാക്കുന്നതായും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി.
Comments