മുംബൈ: മഹാരാഷ്‌ട്രയിലെ ന്യൂ അമരാവതി റെയിൽവേ സ്റ്റേഷൻ പിങ്ക് സ്റ്റേഷനായി പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഭുസാവൽ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനാണ് പിങ്ക് സ്റ്റേഷനായി റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചത്. പിങ്ക് സ്റ്റേഷൻ പൂർണമായും വനിതാ ജീവനക്കാരാണ് നിയന്ത്രിക്കുക.
അമരാവതി സ്റ്റേഷനിൽ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ 12 വനിതാ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ടുമാർ, നാല് പോയിന്റ് ജീവനക്കാർ, മൂന്ന് റെയിൽവേ സംരക്ഷണ ഉദ്യോഗസ്ഥർ, ഒരു സ്റ്റേഷൻ ടിക്കറ്റ് ബുക്കിംഗ് ഏജന്റ് എന്നിങ്ങനെയാണ് ടീമിലുള്ളത്. 10 ട്രെയിനുകളുടെ പ്രവർത്തനങ്ങളാണ് അമരാവതി സ്റ്റേഷൻ കൈകാര്യം ചെയ്യുക.
മുംബൈ ഡിവിഷനിലെ മാതുംഗ സ്റ്റേഷനും നാഗ്പൂർ ഡിവിഷനിലെ അജ്‌നി സ്റ്റേഷനും ഇതിനോടകം പിങ്ക് സ്റ്റേഷനായി പ്രഖ്യപിച്ചിട്ടുണ്ട്. സ്ത്രീകളെ കൂടുതൽ മേഖലകളിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ വനിതാ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തികൊണ്ട് റെയിൽവേ സ്റ്റേഷനുകൾ പിങ്ക് സ്റ്റേഷനാക്കി മാറ്റിയിരിക്കുന്നത്.
സ്റ്റേഷനിൽ ദിവസവും സ്ഥിരമായി വരുന്ന 380 സത്രീ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സഹായകമാകുന്നു. റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം സുരക്ഷിതവും സുഗമവുമാക്കാനാണ് പിങ്ക്് സ്റ്റേഷനുകൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു.
Comments