കോഴിക്കോട്: കൊലപാതകകേസിലും സംസ്ഥാനത്തിന് പുറത്തും അകത്തുമായി നിരവധി മോഷണ കേസുകളിലെയും പ്രതിയായ സ്പൈഡർ ബാബു പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു എന്ന സാബുവാണ് അറസ്റ്റിലായത്.
2001 -ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണശ്രമത്തിനിടെ വീട്ടുടമസ്ഥനായ അഡ്വ. ശ്രീധരകുറുപ്പിനെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിയാണ് സാബു. കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് പ്രതി 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച ഇളവ് മുതലെടുത്ത് രണ്ടാളുടെ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങുകയായിരുന്നു.
ഈ കേസിലെ തന്നെ മറ്റൊരു പ്രതിയായ ബിജുവിനെ മംഗലാപുരത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം സാബു എറണാകുളത്ത് താമസമാക്കി് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തി. പിന്നീട് കർണ്ണാടകയിലെ ധർമ്മസ്ഥലക്ക് അടുത്തുള്ള ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ചു കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണങ്ങൾ നടത്തുകയായിരുന്നു.
ജില്ലയിൽ മോഷണം കൂടി വന്ന പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി രാജ് പാൽമീണ ഐപിഎസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ് നേതൃത്വം നൽകുന്ന സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് മുൻകുറ്റവാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക നിർദ്ദേശം നൽകിയത്. ചെറുവണ്ണൂരിലെ മോഷണ കേസിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി സാബുവാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു.
Comments