തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. നിലവിൽ മാസപ്പടിയുടെ പേരിൽ നടക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. പിണറായി വിജയനോടുള്ള രാഷ്ട്രീയ വൈരാഗ്യം കാരണം മകളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
“അടിസ്ഥാന രഹിതമായ ആരോപണമാണിത്. അവർ ഒരു കൺസൾട്ടന്റാണ്. ഒരു കമ്പനി, ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ആ കമ്പനിയും അവരുടെ സ്ഥാപനവും തമ്മിൽ ധാരണയുണ്ടാകുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായി നടത്തുന്നു. അതിലെന്താ പ്രശ്നം? എന്തോ ഒരു ശത്രുത വച്ച് അനാവശ്യമായി, പ്രശ്നങ്ങൾ ഉണ്ടക്കാൻ എന്തിനാണ് ശ്രമിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഐടി മേഖലയിൽ, ഡിജിറ്റൽ രംഗത്ത്, സ്ഥാപനങ്ങളും കൺസൾട്ടൻസിയും ഉണ്ട്. അത്തരത്തിൽ ഒരുപാട് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കൺസൾട്ടൻസിയെക്കുറിച്ച് അറിയാത്ത ചിലർ വ്യക്തിഹത്യ നടത്താൻ പുറപ്പെടരുത്. ഒരു നല്ല ടെക്നീഷ്യനെ, ഏറ്റവും നല്ല എക്സപേർട്ടിനെ നിങ്ങൾക്ക് വ്യക്തിഹത്യ നടത്തണം. ഇതൊന്നും നല്ല ശീലവും ഗുണവുമല്ല. അതുകൊണ്ട് മാദ്ധ്യമങ്ങൾ തെറ്റായ പ്രവണതയിൽ നിന്നും പിന്തിരിയണം. ഇതെപ്പോഴത്തേതാണ്? 2023ലെ ആണോ? 2017ലെ കരാറാണ്. എന്തൊരു കഥയാണിത്.. ഇതെല്ലാം ജനങ്ങൾ മനസിലാക്കിയാൽ വിവാദം ഉന്നയിക്കുന്നവർക്കെതിരെ ആയിരിക്കും തിരിയുക. ഇത് മഹാപാപമാണ്, ഹത്യയാണ്, കുടുംബത്തെ തകർക്കാൻ ശ്രമിക്കരുത്. ” ഇ.പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സേവനം നൽകാതെ വീണാ വിജയനും അവരുടെ സ്ഥാപനമായ എക്സാലോജിക്കും ചേർന്ന് കോടിക്കണക്കിന് രൂപ മാസപ്പടിയായി വാങ്ങിയെന്ന വിവാദത്തിൽ പ്രതിപക്ഷവും കുരുക്കിലായിരിക്കുകയാണ്. മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെട്ടതാണ് ഇതിന് കാരണം. അതിനാൽ മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ് പ്രതിപക്ഷം.
Comments