വിതുര മണിരുക്കി ഗോത്രവർഗ കോളനിയിലെ കർഷകയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ അവാർഡ്. കേന്ദ്രസർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏർപ്പെടുത്തിയ അവാർഡാണ് ലഭിക്കുന്നത്. 2020-21-ലെ പ്ലാന്റ് ജെനോം സാവിയോർ ഫാർമേഴ്‌സ് അംഗീകാരമാണ് വിതുര കോളനിയിലെ പടിഞ്ഞാറ്റിൻകര കുന്നുംപുറത്ത് വീട്ടിൽ പരപ്പിക്ക് ലഭിച്ചത്. കുന്താണി എന്ന പ്രത്യേകയിനം പൈനാപ്പിൾ സംരക്ഷിച്ചു വളർത്തിയതിനാണ് പുരസ്‌കാരാർഹയായത്.
1,50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി ലഭിക്കുക. സെപ്റ്റംബർ 12-ന് ന്യൂഡൽഹിയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. കൃഷിമന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണമാണ് അപേക്ഷ സമർപ്പിച്ചത്.
സാധാരണ കൈതച്ചക്കകളിൽ നിന്നും വ്യത്യസ്തമായ ഈ ഇനം മക്കൾ രൂക്കി എന്നാണ് അറിയപ്പെടുന്നത്. ഒരു ചെടിയിൽതന്നെ നാലോ അഞ്ചോ കൈതച്ചക്കകൾ ഉണ്ടാകും. ഇതിന് മുകൾ ഭാഗത്തായി നീണ്ട് കൂർത്ത അഗ്രത്തോടെ അമ്മച്ചക്കയും കാണപ്പെടുന്നു. തലയിൽ കൂമ്പിന് പകരം കുന്തം പോലെ തള്ളി നിൽക്കുന്ന അറ്റം ഉള്ളതിനാലാണ് കുന്താണി എന്ന വിളിപ്പേര് ഇതിന് ലഭിച്ചത്.
Comments