തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തിലേയ്‌ക്ക് മാത്രം സയന്റിഫിക് ടെമ്പറുമായി വരേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗം വിശ്വാസികളെ വേട്ടയാടിയാൽ രണ്ട് കൂട്ടർക്കും കുഴപ്പമില്ല. സയന്റഫിക് ടെമ്പർ നോക്കുന്ന ആളാണ് സ്പീക്കർ. അയാളുടെ സയന്റിഫിക് ടെമ്പർ ഒരു ഭാഗത്തേയ്‌ക്കേ പൊന്തുള്ളൂ. വേറെ ഒരു ഭാഗത്തേയ്‌ക്കും പൊന്തില്ല. എന്നാൽ സജി ചെറിയാന്റെ കാര്യത്തിൽ സയന്റിഫിക് ടെമ്പർ താഴ്ന്നു പോയി. പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും സുരേന്ദ്രൻ തുറന്നടിച്ചു.
നബി നിന്ദയോ, അള്ളാഹു നിന്ദയോ ഒന്നും സജി ചെറിയാന്റെ പ്രസംഗത്തിൽ ഇല്ല. ആകെ പറഞ്ഞത് ബാങ്ക് വിളിയുടെ ശബ്ദത്തിന്റെ കാര്യം. പക്ഷെ, 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് തലയിൽ മുണ്ടും ഇട്ട് സജി ചെറിയാന് ഓടേണ്ട ഗതി വന്നു. അവിടെ സയന്റിഫിക് ടെമ്പറില്ല. അയ്യപ്പനിലേയ്‌ക്കും ഗണിപതിയിലേയ്‌ക്കും പരശുരാമനിലേയ്‌ക്കും പത്മനാഭ സ്വാമിയിലേയ്‌ക്കും ഗുരുവായൂരിലേയ്‌ക്കുമെല്ലാമാണ് അവർ സയന്റിഫിക് ടെമ്പർ തിരിച്ചു വെച്ചിരിക്കുന്നത്. ഗുരുവായൂരമ്പത്തിലെ ഭണ്ഡാരമെല്ലാം കയ്യിട്ടി വാരുന്ന പിണറായി വിജയൻ ചോദിക്കുകയാണ് ആ വിളക്ക് ഇരിക്കുന്നിടത്താണോ ഗുരുവായൂരപ്പൻ ഇരിക്കുന്നത് എന്ന്. അതിനെല്ലാം ഇവർക്ക് സയന്റിഫിക് ടെമ്പറാണ്.
ഇന്നലെ നിയമസഭയിൽ ഏതോ ഒരുത്തൻ പറയുന്നതു കേട്ടു, പത്മനാഭ സ്വാമിയുടെ സ്വർണവും പണവുമെല്ലാം എടുത്ത് മ്യൂസിയത്തിൽ വെയ്‌ക്കാം എന്ന്. അതാണ് മോഹമെങ്കിൽ പിണറായി വിജയനോടും വി.ടി സതീശനോടും ഒരു കാര്യം പറഞ്ഞേക്കാം, നിങ്ങൾ രണ്ട് മുന്നണികൾ ഒരുമിച്ച് വന്നാലും തിരുവനന്തപുരത്ത് നിന്ന് നിങ്ങൾ ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്‌ക്കില്ല. നിങ്ങൾക്ക് അത്രയ്‌ക്കും ധൈര്യമുണ്ടെങ്കിൽ വാ. പത്മനാഭ സ്വാമിയുടെ പണം എടുത്ത് ധൂർത്ത് അടിക്കാനാണെങ്കിൽ നിങ്ങളെ കേരളത്തിലെ ജനങ്ങൾ അറബിക്കടലിൽ ചവിട്ട് താഴ്‌ത്തും- കെ.സുരേന്ദ്രൻ പറഞ്ഞു.
Comments