ഇടുക്കി : രഹസ്യമായി തയ്യാറാക്കിയ ഭൂഗർഭ അറയിൽ നിന്നും ചാരായവും പുളിപ്പിച്ച കള്ളും ( കോട) കണ്ടെടുത്ത് എക്സൈസ് സംഘം. മേലേ ചിന്നാർ സ്വദേശിയായ ജയേഷിന്റെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നുമാണ് ചാരായം കണ്ടെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷെഡിൽ കുഴി നിർമ്മിച്ച് വാറ്റ് നടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഉദ്യോഗസ്ഥരെ കണ്ടതോടെ ജയേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഭൂഗർഭ അറയിൽ നിന്നും 50 ലിറ്റർ ചാരായവും, 600 ലിറ്റർ പുളിപ്പിച്ച കള്ളും, വാറ്റ് ഉപകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തതായി അറിയിച്ചു.
2 മീറ്റർ ആഴത്തിലുള്ള കുഴി നിർമിച്ചാണ് ഇയാൾ വാറ്റ് ഉണ്ടാക്കിയിരുന്നത്. എക്സൈസ് എത്തിയ സമയത്ത് 200 ലിറ്റർ ചാരായം കൊള്ളുന്ന 3 വീപ്പകൾ, പാത്രങ്ങൾ മറ്റു ഉപകരണങ്ങൾ തുടങ്ങിയവ ഭൂഗർഭ അറയിൽ സജ്ജമായിരുന്നു. ഇവ പിടിച്ചെടുത്തതായും ജയേഷിനായുള്ള അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മേലേ ചിന്നാർ കനക്കുന്ന് ഭാഗത്ത് നിന്നും 3 ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കനകക്കുന്ന് കടുകത്തറയ്ക്കൽ ജെൽബിനെയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ജയേഷുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയൈാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments