തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കാൻ തീരുമാനിച്ച് സർക്കാർ. സിപിഎമ്മിന്റെ രാഷ്ട്രീയം സർവ്വകലാശാലകളിൽ നടപ്പാക്കുന്നതിനാണ് ഇത്തരമൊരു നീക്കം. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങളും നടപടി ക്രമങ്ങളും സമർപ്പിക്കാനും സർക്കാർ നിർദ്ദേശം നൽകി. സിപിഎമ്മിന്റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രി സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കാൻ തീരുമാനമെടുത്തത്.
നിയമസഭയിൽ ഈ വർഷം തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. തങ്ങൾക്ക് കൈകടത്താൻ സാധിക്കുന്ന വിധത്തിൽ സ്വകാര്യ സർവ്വകലാശാലകൾ കൊണ്ടുവരികയെന്നതാണ് സിപിഎം നിലപാട്. ഫീസ്, സംവരണം തുടങ്ങിയ വ്യവസ്ഥകൾ വ്യക്തമാക്കിയുളള ചട്ടങ്ങളും മാർഗരേഖകളുമൊക്കെ ഉന്നതവിദ്യഭ്യാസ പരിഷ്കരണ സെൽ തയ്യാറാക്കും.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനായുളള ശ്യാം ബി മോനോൻ കമ്മീഷന്റെ ശുപാർശയനുസരിച്ചാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ ചില കോളേജുകൾ കൽപിത സർവ്വകലാശാലാനുമതിയ്ക്കായി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെക്കാൾ അനുയോജ്യം സ്വകാര്യ സർവ്വകലാശാലകളാണെന്നായിരുന്നു ശ്യാം ബി മോനോൻ കമ്മീഷന്റെ വിലയിരുത്തൽ. എന്നാൽ യുജിസിയുടെ കീഴിൽ കൽപ്പിത സർവ്വകലാശാലകൾ വരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഇതിനെ എതിർത്തു.
Comments