ന്യൂഡൽഹി: ഐഎൻഡിഐഎ (ഇന്ത്യ) എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഉപേക്ഷിച്ച് പുതിയത് പേര് കണ്ടെത്തിയപ്പോഴും അതിൽ ‘എൻഡിഎ’ ചേർക്കേണ്ടി വന്നു എന്നതാണ് പ്രതിപക്ഷം ദുരവസ്ഥയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ മറുപടി പറയവെയാണ് മോദിയുടെ പരാമർശം.
പ്രതിപക്ഷത്തെ സജീവമാക്കി നിലനിർത്താൻ പുതിയ പേരിലും എൻഡിഎ കൂട്ടിച്ചേർക്കേണ്ടി വന്നു. പക്ഷെ അവരുടെ അടിസ്ഥാന സ്വഭാവമായ ധാർഷ്ട്യത്തെ കൃത്യമായി ഉൾപ്പെടുത്തിയാണ് പുതിയ പേരിടൽ നടത്തിയത്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ അഹന്ത പുതിയ പേരിനെയും വിട്ടുപോകാൻ തയ്യാറാകാത്തത്. ‘എൻഡിഎ’ എന്ന പദത്തിനൊപ്പം അഹങ്കാരത്തിന്റെ ‘ഐ’ രണ്ട് തവണ ചേർത്തതിന് കാരണവും അതുതന്നെ. ഐ.എൻ.ഡി.ഐ.എ.യിലുള്ള ആദ്യത്തെ ‘ഐ’ 26 പ്രതിപക്ഷ പാർട്ടികളുടെ ധാർഷ്ട്യത്തെയും രണ്ടാമത്തെ ‘ഐ’ ഒരു കുടുംബത്തിന്റെ മുഴുവൻ അധികാരഭാവത്തെയും സൂചിപ്പിക്കുന്നതാണ്. ഇതിനൊപ്പമാണ് അവർ എൻഡിഎ എന്ന പദം കൂടി കട്ടെടുത്ത് ഉപയോഗിച്ചത്. യുപിഎ എന്ന സഖ്യത്തിന് ഏതാനും ദിവസങ്ങൾ മുമ്പായിരുന്നു പ്രതിപക്ഷം ബെംഗളൂരുവിൽ അന്ത്യകർമ്മങ്ങൾ നടത്തിയതെന്നും ഇതിൽ താൻ സഹതാപം അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കോൺഗ്രസിന്റെ വിഷമവും പ്രയാസവും താൻ മനസിലാക്കുന്നു. വർഷങ്ങളായി അവർ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. പക്ഷെ, അവർ ആവർത്തിച്ച് പുറത്തിറക്കുന്നത് പരാജയപ്പെട്ട ഉത്പന്നമാണെന്ന് മാത്രം. അതുകൊണ്ടാണ് ഓരോ തവണയും അവർ പരാജയപ്പെട്ടുപോകുന്നത്. കോൺഗ്രസിൽ ജനങ്ങൾക്ക് യാതൊരു വിശ്വാസവും ഇപ്പോഴില്ല. എന്നാൽ അവരുടെ ധാർഷ്ട്യം മൂലം ആ യാഥാർത്ഥ്യം കാണാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം. 1962ൽ തമിഴ്‌നാട്ടിൽ അവർ വിജയിച്ചു. അന്നുതൊട്ട് തമിഴ്‌നാട് പറയുന്നത് ‘നോ കോൺഗ്രസ്’ എന്നാണ്. 1972ൽ ബംഗാളിൽ ജയിച്ചു, അതോടെ ബംഗാളിലെ ജനങ്ങളും ‘നോ കോൺഗ്രസ്’ എന്നാണ് പറയുന്നത്. അതുതന്നെയാണ് യുപിയിലും ബിഹാറിലും ഗുജറാത്തിലും സംഭവിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments