തിരുവനന്തപുരം: ഓണത്തിന് കെഎസ്ആർടിസിയിൽ തൊഴിലാളി സംഘടനകളുടെ സംയുക്ത പണിമുടക്ക്. ആഗസ്റ്റ് 26നാണ് കെഎസ്ആർടിസിയിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പളവും ഓണം ആനുകൂല്യങ്ങളും നൽകുക, അനാവശ്യ പിഴയീടാക്കൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരസമിതിയുടെ ആവശ്യങ്ങൾ. ജീവനക്കാർക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു.
കഴിഞ്ഞ വർഷത്തെ ഓണം ആനുകൂല്യങ്ങൾ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും ഇക്കൊല്ലത്തെ ആനുകൂല്യങ്ങൾ നൽകുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സമരസമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജൂലൈ മാസത്തെ ശമ്പളം 10-ാം തീയതി ആയിട്ടും വിതരണം ചെയ്തിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Comments