കോഴിക്കോട്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് അരീക്കാട് സ്വദേശിയായ സാദിഖിനാണ് 12 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. വടകര എൻഡിപിഎസ് പ്രത്യേക കോടതിയുടേതാണ് വിധി. 250. 51 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
25-05-2022-ലാണ് കേസിനാസ്പദമായ സംഭവം. നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ നിന്നുമാണ് പ്രതിയെ മാരക മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളുടെ ബാഗിൽ ”മിനി സ്റ്റോം മാനുവൽ സോഫ്റ്റ് ബുള്ളറ്റ് ഗൺ” എന്ന് രേഖപ്പെടുത്തിയ കാർബോർഡിലായി വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 10 പ്ലാസ്റ്റിക് കവറുകളിലായിട്ടാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് ഐബിയുടെ റിപ്പോർട്ട് പ്രകാരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വിആർ ദേവദാസും സംഘവും കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സുഗുണൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Comments