തിരുവനന്തപുരം: നായയുടെ കടിയേറ്റ കുട്ടിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണണമെന്ന് നിർബന്ധം പിടിച്ചതായാണ് പരാതി.
രാവിലെ ഏഴ് മണിക്ക് ട്യൂഷൻ പോയപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് 7.30-ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തി. ഇവിടെയല്ല കാണിക്കേണ്ടതെന്നും ഒപി ടിക്കറ്റെടുത്താണ് ഡോക്ടറെ കാണേണ്ടതെന്നുമായിരുന്നു സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. 15 മിനിറ്റോളം കുട്ടിയുമായി ക്യൂ നിന്ന് ടിക്കറ്റെടുത്തെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ മാത്രമാണ് ചികിത്സ ലഭിച്ചത്.
തുടർന്ന് 9.15-ഓടെയാണ് ഡോക്ടർ കുട്ടിയെ പരിശോധിച്ചത്. നായയുടെ കടിയേറ്റ് വരുന്നവർക്ക് എത്രയും വേഗം ചികിത്സ നൽകണമെന്നാണ് വ്യവസ്ഥ നിലനിൽക്കേയാണ് സുരക്ഷാ ജീവനക്കാരുടെയും ആശുപത്രി അധികൃതരുടെയും നിലപാട്.
Comments