ഇക്കഴിഞ്ഞ ഏഴ് മാസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ സന്ദർശിച്ചത് റെക്കോർഡ് വിനോദസഞ്ചാരികൾ . ഏകദേശം 1.89 കോടി വിനോദസഞ്ചാരികളാണ് കശ്മീരിലെത്തിയത് . 2022ലെ റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് കശ്മീർ എന്നാണ് റിപ്പോർട്ട് . ഈ വർഷം അവസാനിക്കുന്നതോടെ ഈ കണക്ക് 2.25 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. വികസനം നടക്കണമെങ്കിൽ സമാധാനം അനിവാര്യമാണെന്നും കേന്ദ്രഭരണ പ്രദേശം ഇപ്പോൾ സമാധാനപരമായ അന്തരീക്ഷത്തിന്റെ നേട്ടങ്ങൾ കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ വർഷം 1.88 കോടി വിനോദസഞ്ചാരികളാണ് കശ്മീർ സന്ദർശിച്ചത്. ഈ വർഷം ഇതുവരെ ഏഴ് മാസത്തിനുള്ളിൽ 1.89 കോടി വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടുണ്ടെന്നും ഈ വർഷം ഇത് 2.25 കോടി കവിയുമെന്നും പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” സിൻഹ പറഞ്ഞു. സമാധാനം ഉള്ളതുകൊണ്ട് മാത്രമാണ് ജമ്മു കശ്മീരിൽ വികസനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.സമാധാനം ഇല്ലെങ്കിൽ ലോകത്തിന്റെ ഒരു ഭാഗത്തും വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇവിടെയുള്ള ആളുകൾ സൂര്യാസ്തമയത്തിന് മുമ്പ് അവരുടെ വീടുകളിലേക്ക് മടങ്ങാറുണ്ടായിരുന്നു, ഇപ്പോൾ ശ്രീനഗറിൽ വൈകുന്നേരങ്ങളിൽ ഐസ്ക്രീം ആസ്വദിക്കുന്നതും ഗിറ്റാർ വായിക്കുന്നതും നിങ്ങൾക്ക് കാണാം. ഏറ്റവും വലിയ മാറ്റം ഇവിടെയുള്ള പൗരന്മാർ ഇപ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുന്നത് എന്നതാണ്“ സിൻഹ പറഞ്ഞു.
Comments