അഗർത്തല ; അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ട് റോഹിംഗ്യകൾ അറസ്റ്റിലായി. സ്വാതന്ത്ര്യദിനത്തിന് മുൻപായി മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് റോഹിംഗ്യകൾ എത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് അറസ്റ്റ് . ബംഗ്ലാദേശ് സ്വദേശികളായ അബ്ദുൾ ജലീൽ, ബിലാൽ ഹുസൈൻ, അബ്ദുൾ കാദർ, മുഹമ്മദ് കാസർ, റസൽ എന്നിവരും മ്യാന്മാർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, റാഫിക ബീഗം, സാഹിദാ ബീഗം എന്നിവരുമാണ് റെയിൽവേ പോലീസിന്റെ പിടിയിലായത് .
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനിൽ നിന്ന് എട്ട് പേരെ കസ്റ്റഡിയിലെടുത്തതെന്ന് ആർ പി എഫ് പറഞ്ഞു . ചോദ്യം ചെയ്യലിൽ തെറ്റായ വഴിയിലൂടെയാണ് ഇന്ത്യയിലെത്തിയതെന്ന് ഇവർ സമ്മതിച്ചു. കൃത്യമായ രേഖകളില്ലാതെയാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് കടന്നത്.
അറസ്റ്റിലായ റോഹിംഗ്യകളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കറൻസികൾ, ട്രെയിൻ ടിക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. ഹംസഫർ എക്‌സ്പ്രസിൽ കയറി കൊൽക്കത്തയിലേക്കും ബാംഗ്ലൂരിലേക്കും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ .
ബംഗ്ലാദേശി പൗരന്മാർക്കും റോഹിംഗ്യകൾക്കും ത്രിപുര വഴി ഇന്ത്യയിൽ പ്രവേശിക്കാൻ എളുപ്പവഴിയുണ്ടെന്ന് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ജമ്മു, കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ത്രിപുര വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ എത്തിച്ചേരുന്നു. അത് രാജ്യസുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments