കറാച്ചി: ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവ് അൻവാർ ഉൾഹഖ് കാകർ പാകിസ്താൻ കാവൽ പ്രധാനമന്ത്രി. ഇത് സംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ആരിഫ് അൽവി കഴിഞ്ഞദിവസം പുറത്തിറക്കി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റെയ്സുമായുള്ള ചർച്ചയിലാണ് കാകറിനെ കാവൽ പ്രധാനമന്ത്രിയായി നിശ്ചയിച്ചത്. തിരെഞ്ഞെടുപ്പ് നടന്ന് അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കുന്നത് വരെ കാകർ സ്ഥാനത്ത് തുടരും.
ആഗസ്റ്റ് ഒൻപതിന് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഉത്തരവിടുകയായിരുന്നു. പാകിസ്താൻ ഭരണഘടന പ്രകാരം 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. അതുവരെ കാവൽ പ്രധാനമന്ത്രിക്കാകും ചുമതല.
സൈന്യത്തോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പാകിസ്താന്റെ കാവൽ പ്രധാനമന്ത്രി. ബലോചിസ്ഥാനിൽ നിന്നുള്ള പഷ്തൂൺ വിഭാഗക്കാരനായ അദ്ദേഹം വിവിധ സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അംഗമാണ്. പാകിസ്താൻ സർക്കാർ ബോലോച് ജനതയെ അടിച്ചമർത്തുനന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രവിശ്യയിൽ നിന്നുതന്നെ കാവൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കുരുക്ക് മുറുകുകയാണ്. ഏഴ് കേസുകളിൽ ജാമ്യം തേടിയുള്ള ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ ഭീകരവിരുദ്ധ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന നേതാവ് തടവിൽ കഴിയുന്നത് പാക് തെഹരികെ ഇൻസാഫിനും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
Comments