എറണാകുളം: പനി ബാധിച്ച കുട്ടിയ്ക്ക് പേവിഷ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ അന്വേഷണമാരംഭിച്ച് ആരോഗ്യവകുപ്പ്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും.
പനി ബാധിച്ചതിനെ തുടർന്ന് അമ്മയ്ക്ക് ഒപ്പം രക്തപരിശോധനക്കാണ് ഏഴ് വയസുകാരി എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്ത് നഴ്സ് കുട്ടിയ്ക്ക് ഇൻജെക്ഷൻ എടുക്കുകയായിരുന്നു. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സ് നൽകുന്ന മറുപടി. എന്നാൽ രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് ഇൻജെക്ഷൻ നൽകിയ നഴ്സിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മരുന്ന് മാറി കുത്തിവെച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി.
അതേസമയം സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇന്നലെ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. അലംഭാവവും അശ്രദ്ധയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം പരാതിയാണെന്നാണ് നഗരസഭ കൗൺസിലിന്റെ പ്രതികരണം.
Comments