ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി തയ്യാറെടുക്കുകയാണ് രാജ്യം. ചടങ്ങിന്റെ ഭാഗമായി സായുധ സേനയുടെ ഫുൾ ഡ്രസ് റിഹേഴ്സലുകളും പൂർത്തിയായി കഴിഞ്ഞു. ഇതിനൊപ്പം തന്നെ ചെങ്കോട്ടയിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യും.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹി പോലീസ് തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. വാഹന പരിശോധനയും പട്രോളിംഗും ഉൽപ്പെടെ കടുത്ത ജാഗ്രതയോടെയാണ് ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്. ഇന്ന് നടക്കുന്ന ഫുൾ ഡ്രസ് റിഹേഴ്‌സലിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ട നടപടിക്രമങ്ങളും ഡൽഹി ട്രാഫിക് പോലീസ് സജ്ജീകരിച്ചിട്ടുണ്ട്.
പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം എട്ട് റോഡുകളാണ് ഞായറാഴ്ച പുലർച്ചെ നാല് മുതൽ 11 വരെ അടച്ചിട്ടത്. ഇതിൽ നേതാജി സുഭാഷ് മാർഗ്, ലോതിയൻ റോഡ്, എസ്പി മുഖർജി മാർഗ്, ചാന്ദ്‌നി ചൗക്ക് റോഡ്, നിഷാദ് രാജ് മാർഗ്, എസ്പ്ലനേഡ് റോഡ് ഇതിനടുത്തുള്ള ഇടവഴി, രാജ്ഘട്ടിൽ നിന്നും ഐഎസ്ബിടിയിലേക്കുള്ള റോഡ് എന്നീ മേഖലകളാകും അടച്ചിടുക.
Comments