തിരുവനന്തപുരം: ഓണക്കാല വിപണിയിൽ കുത്തനേ ഉയർന്ന് അരി വില. സർക്കാരിന്റെ ഇടപെടൽ താളം തെറ്റിയതോടെയാണ് പൂഴ്ത്തിവയ്പ്പടക്കം വ്യാപകമായത്. സപ്ലൈകോ ഔട്ട്ലെറ്റുകളിലും അരി സ്റ്റോക്കുമില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഭക്ഷ്യവകുപ്പിന് ആവശ്യമായ പണം അനുവദിച്ചില്ലെങ്കിൽ ഓണത്തിന് വൻവിലക്കയറ്റം ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഈ സാഹചര്യം മറികടക്കാൻ 500 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തയാഴ്ച ഓണച്ചന്തകൾ തുടങ്ങാനിരിക്കേയാണ് സംസ്ഥാനത്തിന് ഈ അവസ്ഥ.
സംസ്ഥാനത്ത് ഒരാഴ്ചയായി അരി വില ഉയരുകയാണ്. ഓണച്ചന്തകളിൽ കിലോഗ്രാമിന് 25 രൂപ നിരക്കിൽ അരി ലഭ്യമാക്കിയാണ് കഴിഞ്ഞതവണ വില പിടിച്ചു നിറുത്തിയത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വില 60 കടന്നിരുന്നു. വിളവെടുപ്പായതോടെ ജൂലൈയിൽ വില താഴ്ന്നിരുന്നു. നിലവിൽ മട്ട അരിക്ക് വീണ്ടും 60 രൂപയായി. ജയ കയറ്റുമതി വർദ്ധിച്ചതോടെ അരി യഥേഷ്ടം ലഭ്യമല്ലാതായി. ഇതാണ് നാട്ടിലെ വില വർദ്ധനയ്ക്ക് കാരണം. പച്ചരിയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
Comments