തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിയിൽ സിപിഐയ്ക്കുള്ളിൽ അഭിപ്രായ ഭിന്നത. ഓണക്കാലത്ത് സപ്ലൈകോയിൽ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം മന്ത്രി മനസിലാക്കാൻ വൈകിയെന്ന് ഒരു വിഭാഗത്തിന്റെ വിമർശനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെങ്കിലും വകുപ്പ് കൈയ്യാളുന്ന പാർട്ടിയെന്ന നിലയ്ക്ക് ജനങ്ങൾക്കിടയിൽ സിപിഐ പ്രതിക്കൂട്ടിലായെന്നും പാർട്ടിക്കുള്ളിൽ ആക്ഷേപം ശക്തമാണ്.
ഈ ഓണക്കാലത്ത് ഏറ്റവും പരാതി കേൾക്കേണ്ടി വന്ന വകുപ്പുകളിൽ ഒന്നാം സ്ഥാനത്താണ് ഭക്ഷ്യവകുപ്പ്. നെല്ലു സംഭരണത്തിലെ കുടിശ്ശിക, ഓണക്കിറ്റ് , സപ്ലൈകോ പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാന പരാതികൾ. എന്നാൽ പരാതികളിപ്പോൾ സിപിഐയ്ക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ടെന്നണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെങ്കിലും സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് മന്ത്രി അറിയാൻ വൈകിയോയെന്നാണ് വിമർശനം. പൊതുജനങ്ങൾ ഓണക്കാലത്ത് കൂടുതൽ ആശ്രയിക്കുന്ന സപ്ലൈകോയിലെ പ്രതിസന്ധിയിൽ വകുപ്പ് ഭരിക്കുന്ന പാർട്ടി പ്രതിക്കൂട്ടിലായെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.
സപ്ലൈകോയുടെ കാര്യത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ സർക്കാർ തിരുത്തണമെന്ന് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കഴിഞ്ഞ ദിവസം സപ്ലൈകോ ജീവനക്കാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ സംസാരിച്ചിരുന്നു. ധന വകുപ്പിന്റെ സമീപനത്തിനെതിരെ ജി. ആർ. അനിൽ എൽഡിഎഫിൽ പരാതി നൽകിയ ശേഷം അനുവദിക്കപ്പെട്ട തുകയും വകുപ്പിൽ എത്തിയിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ വിമർശനം ഉയരുമ്പോഴും അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് സിപിഐ നീക്കം.
Comments