കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിൻ സ്വദേശിയായ രാജീവനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയെത്തിയാണ് രാജീവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. പെയിന്റിംഗ് തൊഴിലാളിയായ രാജീവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ രണ്ടുകാലുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസെത്തി ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അരയ്ക്ക് മുകളിലേക്കുള്ള ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി. കാലുകൾ കണ്ടതിന് 15 മീറ്ററോളം അകലെ വയലിൽ നിന്നാണ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
മരണത്തിന് പിന്നിലെ കാരണം എന്താണ് എന്നതിലാണ് ഇനി വ്യക്തത വരാൻ ഉളളത്. ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാനാവൂ എന്ന് വടകര റൂറൽ പരിധിയുടെ അധികചുമതല വഹിക്കുന്ന കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാരുടെ റിപ്പോർട്ട് കിട്ടിയതിനുശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ എന്നും സ്ഥലത്തെത്തിയ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ വ്യക്തമാക്കി.
Comments