കാട്ടാനകളിൽ നിന്നും നാട്ടാനകളിൽ നിന്നും വ്യത്യസ്തമായ ആനയാണ് കല്ലാന. എന്നാൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഇവ പശ്ചിമഘട്ടത്തിലെ വനമേഖലയിൽ ഒളിഞ്ഞിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ഇവയ്‌ക്ക് അഞ്ചടി മാത്രമാണ് നീളമുള്ളതെന്നാണ് ഏറ്റവും വലിയ സവിശേഷത. പശ്ചിമഘട്ടത്തിലെ പേപ്പാറ മേഖലയിൽ ഇവയുണ്ടെന്ന് ചില ഗോത്രവർഗക്കാർ വിശ്വസിക്കുന്നു. നാട്ടാനകൾക്കൊപ്പം കല്ലാനകളെയും കാണാറുണ്ടെന്നാണ് അവർ പറയുന്നത്.
പാറക്കെട്ടുകൾ നിറഞ്ഞ മേഖലകളിൽ ജീവിക്കുന്നതിനാലാണ് ഇവയെ കല്ലാനകൾ എന്ന് വിളിക്കുന്നത്. വേഗത്തിൽ ഓടാൻ കഴിവുള്ളതിനാൽ തുമ്പിയാനകൾ എന്നും വിളിപ്പേരുണ്ട്. മുള, കിഴങ്ങുകൾ, പുല്ല്, മരത്തൊലികൾ എന്നിവയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ. മറ്റ് ആനകളെ പോലെ പുഴയിൽ കുളിക്കുന്നതും പൊടിയിൽ കളിക്കുന്നതുമാണ് കല്ലാനയുടെയും വിനോദം.
ഏറെ ദുരൂഹത നിറയുന്ന വിവരങ്ങളാണ് കല്ലാനകളെക്കുറിച്ച് പുറത്തുവരുന്നത് എന്നതിനാൽ ഇവയെക്കുറിച്ച് നിരവധി സംശയങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇവയുടെ ചിത്രങ്ങളും വലിയ തോതിൽ പ്രചരിച്ചിട്ടുണ്ട്. സാധാരണ ആനകളുമായി കല്ലാനകൾ യാതൊരു വിധത്തിലും സമ്പർക്കം പുലർത്തുന്നില്ലെന്നും പറയപ്പെടുന്നു.
ലോകത്ത് ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും ആകാരവലുപ്പം കുറഞ്ഞ ആനകൾ മെഡിറ്ററേനിയൻ മേഖലയിലാണ് കാണപ്പെട്ടിരുന്നത്. ഇവ 68 വയസുവരെ ജീവിച്ചിരുന്നു. പാലിയോക്‌സോഡോൺ ഫാൽക്കണേറി എന്നറിയപ്പെട്ടിരുന്ന ഈ ആനയ്‌ക്ക് പരമാവധി ഒരുമീറ്റർ വരെയായിരുന്നു പൊക്കം.
Comments