ഹവായി: ഹവായിയൻ ദ്വീപായ മൗയിയിലെ മനോഹരമായ പട്ടണമായ ലഹൈനയിൽ ഈ ആഴ്ച പടർന്ന കാട്ടുതീ കുറഞ്ഞത് 93 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു, ഇതോടെ 1959 ൽ സംസ്ഥാനമായി മാറിയതിനുശേഷം ഹവായിയിലുണ്ടായ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായി മാറി. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി മൗയി കൗണ്ടി അധികൃതർ അറിയിച്ചു.
ലഹൈനയിലും അപ്കൺട്രി മൗയിയിലും ഉണ്ടായ തീ അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കുന്നത് തുടരുകയാണെന്ന് മൗയി കൗണ്ടി അധികൃതർ അറിയിച്ചു. അപ്കൺട്രി മൗയി തീപിടിത്തത്തിൽ ഒലിൻഡയിലെ മൂന്ന് കെട്ടിടങ്ങളും കുലയിലെ 16 കെട്ടിടങ്ങളും നശിച്ചു.
ജീവൻ രക്ഷിക്കാൻ ആളുകൾ പസഫിക് സമുദ്രത്തിലേക്ക് അടക്കം എടുത്തുചാടിയതായാണ് റിപ്പോർട്ടുകൾ. ഇവരിൽ പലരെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20പേരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.
അടുത്തടുത്തായി നൂറു കണക്കിന് വീടുകളും വൻകിട ഹോട്ടലുകളുമുള്ള തിരക്കേറിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ലഹൈന. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തെ കെട്ടിടങ്ങൾ പൂർണമായും അഗ്നിക്കിരയായി. 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പതിനാറോളം റോഡുകള്‍ അടച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായി.
നഗരത്തിൽ വീശിയടിച്ച ചുഴലിക്കാറ്റാണ് കാട്ടുതീ വ്യാപിക്കാൻ കാരണമായത്. ചൊവ്വാഴ്ച രാത്രിയാണ് തീ പടരാൻ തുടങ്ങിയത്. ദ്വീപിലെ ആയിരം ഏക്കറോളം സ്ഥലം കാട്ടു തീയിൽ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കുന്നതിനു പകരം അധികൃതർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിർദേശങ്ങളും നൽകിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തൽ. തീ പടർന്നതോടെ വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങൾ വിവരം അറിയാൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ കാരണമായി.മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതോടെ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നു ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. കാട്ടുതീ മുന്നറിയിപ്പു സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.
Comments