ഇടുക്കി: പാമ്പനാർ കല്ലാർ പുതുവൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം വീടുകൾക്ക് സമീപം വരെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചു. വർഷങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസം എത്തിയ കാട്ടാനക്കൂട്ടം കല്ലാർ പുതവൽ സ്വദേശി പുരുഷോത്തമന്റെ വീടിനുനോട് ചേർന്നുണ്ടായിരുന്ന കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. കമ്പിവേലിയും കുടിവെള്ള ടാങ്കുകളും തകർത്തു. ഏലം, വാഴ, തുടങ്ങിയ കൃഷി വിളകളാണ് കൂടുതലായും നശിപ്പിച്ചത്. ശബരിമല വനപ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന പീരുമേട് പ്ലാക്കത്തടം, പ്രദേശത്ത് കഴിഞ്ഞ കുറേ മാസങ്ങളായി തമ്പടിക്കുന്ന ആന കൂട്ടമാണ് ഇപ്പോൾ കല്ലാർപ്രദേശത്തും എത്തിയിരിക്കുന്നത്. മുമ്പ് വർഷത്തിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഈ മേഖലയിൽ കാട്ടാന ശല്യം ഉണ്ടായിരുന്നത്. നിലവിൽ ആനശല്യം രൂക്ഷമായതോടെ ഭീതിയിലാണ് ജനങ്ങൾ
തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടാന എത്തിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്നതല്ലാതെ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണാൻ ശ്രമിക്കുന്നില്ലന്നും ആരോപണമുയരുന്നുണ്ട്. കൃഷിനാശം സംഭവിച്ചവർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അടിയന്തിര സഹായം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Comments