തിരുവനന്തപുരം: ഭക്തരുടെ സമർപ്പണം നിറഞ്ഞു കവിയുന്ന കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ന്യൂ ജൻ ആകാനൊരുങ്ങി ദേവസ്വം ബോർഡ്. ഇതിനായി ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കും. ഈ യന്ത്രം വരുന്നതോടെ മിനിട്ടിൽ 300 നാണയങ്ങൾ വരെ എണ്ണിത്തിട്ടപ്പെടുത്താനാകും. കൂടാതെ എണ്ണിത്തിട്ടപ്പെടുത്തുന്ന നാണയങ്ങൾ .യന്ത്രം തന്നെ പായ്‌ക്കറ്റുകളായി വേർതിരിക്കും.
ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം തിരുപ്പതിയിലെത്തി മെഷീനിനെ കുറിച്ച് പഠനം നടത്തി. ‘സ്പൂക്ക് ഫിഷ്’ എന്ന ബ്രാൻഡിന്റെ മെഷീനായിരിക്കും സന്നിധാനത്ത് സ്ഥാപിക്കുക. മൂന്ന് കോടിയോളം രൂപയാണ് മെഷീന് ചിലവ് പ്രതീക്ഷിക്കുന്നത്.
യന്ത്രത്തിന്റെ സവിശേഷതകൾ അറിയാം
നാണയങ്ങൾ യന്ത്രത്തിൽ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യുന്നു.
നാണയത്തിന്റെ ഇരുവശത്തും യന്ത്രപരിശോധന നടത്തി ഭാരം തിട്ടപ്പെടുത്തി ഒരേ മൂല്യമുള്ളവ വേർതിരിച്ച് പാക്കറ്റുകളിലാക്കുന്നു.
ഒരേ മൂല്യമുള്ള വ്യത്യസ്ത വർഷങ്ങളിലിറങ്ങിയ നാണയങ്ങളും കണ്ടെത്താനാകും.
എണ്ണിത്തിട്ടപ്പെടുത്തിയ പണത്തിന്റെ കമ്പ്യൂട്ടർ സ്റ്റാറ്റിസ്റ്റിക്സ് തത്സമയം ബോർഡ് ആസ്ഥാനത്ത് ലഭ്യമാക്കും.
നാണയം എണ്ണിത്തിട്ടപ്പെടുത്താൻ മനുഷ്യാധ്വാനവും സമയവും ലാഭിക്കാനാകും.
കഴിഞ്ഞ സീസണിൽ 20 കോടി രൂപയുടെ നാണയങ്ങൾ ആയിരത്തോളം ജീവനക്കാർ മൂന്നുമാസം കൊണ്ടാണ് എണ്ണിത്തീർത്തത്. മറ്റു ക്ഷേത്രങ്ങളിലെ ജീവനക്കാരെ ഇതിനായി നിയോഗിക്കുന്നതിനാൽ ആ ക്ഷേത്രങ്ങളിൽ ആളില്ലാതെ വരികയും വരുമാനനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഈ യന്ത്രം എത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നു.
Comments