ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. നാമൊരുത്തരും തുല്യ പൗരന്മാരാണെന്നും നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളുണ്ട്. തുല്യ അവകാശങ്ങളും തുല്യ കടമകളുമുണ്ട്. എന്നാൽ ഇതിനെല്ലാം ഉപരി നമുക്കുള്ളത് ഇന്ത്യയിലെ പൗരന്മാരാണെന്ന സ്വത്വമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
‘നമ്മുടെ 77-ാം സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ! ഇത് നമുക്കെല്ലാവർക്കും മഹത്തായതും ഐശ്വര്യപ്രദവുമായ അവസരമാണ്. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷം കാണുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഇന്ത്യയിൽ എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുട്ടികളും യുവാക്കളും വൃദ്ധരും തുടങ്ങി എല്ലാവരും ആവേശഭരിതരായി നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത് എന്നത് സന്തോഷവും അഭിമാനവും ആണ്. വളരെ ആവേശത്തോടെയാണ് ആസാദി കാ അമൃത് മഹോത്സവത്തിനെ ജനങ്ങൾ സ്വീകരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾ തന്റെ ബാല്യകാല ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തതിന്റെ ആവേശം അടക്കാനാകുന്നില്ല. ത്രിവർണ പതാക ഉയർത്തിയപ്പോൾ ഞങ്ങളിലൂടെ ഒരു വലിയ ഊർജ്ജം കടന്നുപോകുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ദേശാഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയും ദേശീയ ഗാനം പാടുകയും ചെയ്തു. മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു, അത് ദിവസങ്ങളോളം ഞങ്ങളുടെ മനസ്സിൽ അലയടിച്ചു.
സ്കൂൾ അദ്ധ്യാപികയായപ്പോൾ ഈ അനുഭവങ്ങൾ വീണ്ടും ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി. നമ്മൾ വലുതാകുമ്പോൾ, കുട്ടികളെപ്പോലെ നമ്മുടെ സന്തോഷം പ്രകടിപ്പിക്കാൻ കഴിയില്ല. പക്ഷേ ദേശീയ ഉത്സവങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട ദേശസ്നേഹത്തിന്റെ തീവ്രത ഒട്ടും കുറയുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മൾ വ്യക്തികളല്ല, മറിച്ച് ഒരു വലിയ ജനസമൂഹത്തിന്റെ ഭാഗമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പൗരന്മാരുടെ സമൂഹമാണ്.
സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ആഘോഷിക്കുന്നത് മഹത്തായ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന സത്യത്തെയാണ്. നമുക്കോരോരുത്തർക്കും ജാതി, മതം, ഭാഷ, പ്രദേശം എന്നീ സ്വത്വമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരിയായി ഒന്നുണ്ട്. ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിലുള്ള നമ്മുടെ സ്വത്വമാണ് അത്
ഇന്ത്യയുടെ ആഗോള മുൻഗണനകൾ ശരിയായ ദിശയിൽ അവതരിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ജിഡിപിയിൽ അഭിമാനകരമായ വളർച്ചയുണ്ടായി. ആഗോളതലത്തിൽ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, തന്റെ സർക്കാരും റിസർവ് ബാങ്കും അതു പിടിച്ചുനിർത്തി. ഉയർന്ന വിലക്കയറ്റത്തിൽനിന്ന് ജനങ്ങളെ സംരക്ഷിച്ചുനിർത്തി, പാവപ്പെട്ടവർക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.’ – രാഷ്ട്രപതി ദ്രൗപദി മുർമു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ നിന്ന് ദേശീയ പതാക ഉയർത്തും അതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.
Comments