ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലാണ് രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. തുടർച്ചയായി പത്താം തവണയായിരുന്നു നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ നരേന്ദ്രമോദി, അടുത്ത തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
ഭീകരാക്രമണ പരമ്പരകളുടെ യുഗം അവസാനിച്ചുവെന്ന് പറഞ്ഞ മോദി, രാജ്യം ഭീകരതയെ തുടച്ചുനീക്കാൻ എടുത്ത പരിശ്രമങ്ങളെക്കുറിച്ചും എടുത്തുപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ സുരക്ഷിതത്വമെന്തെന്ന് ഇന്ത്യ അറിയുകയാണ്. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഭീകരാക്രമണ പരമ്പരകൾ നടന്നിരുന്ന യുഗവും അവസാനിച്ചു. കമ്യൂണിസ്റ്റ് ഭീകരരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ജനവാസ മേഖലകൾ കുറഞ്ഞു. അത്തരം പ്രദേശങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ മുന്നേറ്റം ഇപ്പോൾ സാധ്യമായി വരികയാണ്. അതിർത്തി മേഖലകൾ കൂടുതൽ സുരക്ഷിതമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2047-ൽ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ അന്ന് ഇന്ത്യ വികസിത രാജ്യമായി മാറിയിട്ടുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നമുക്ക് ലഭ്യമായ വിഭവങ്ങളുടെയും ഇന്ത്യയുടെ കഴിവിന്റെയും അടിസ്ഥാനത്തിലാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യയിലേക്ക് കുതിക്കുന്നതിന് അഴിമതിക്കെതിരെയും രാജവാഴ്ചയ്ക്കെതിരെയും പ്രീണനത്തിനെതിരെയും നാം ഒന്നിച്ച് പോരാടണം. കുടുംബാധിപത്യവും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്തെ തകർത്തത്. എപ്രകാരമാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു കുടുംബത്തെ മാത്രം ചുമതലയേൽപ്പിക്കാൻ കഴിയുക? അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമന്ത്രമെന്നത് കുടുംബത്തിന് വേണ്ടി, കുടുംബത്തിനാൽ, കുടുംബം തിരഞ്ഞെടുക്കുന്നത് എന്നതാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
Comments