ശ്രീനഗർ; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വീട്ടിൽ ത്രിവർണ പതാക ഉയർത്തി ഹിസ്ബുൾ ഭീകരൻ മുഹമ്മദ് അമിൻ ബട്ടിന്റെ മകൻ അദ്‌നാൻ. ജമ്മുവിലെ കിഷ്ത്വാർ നഗരത്തിലുള്ള വീട്ടിലാണ് ഈ 12-ാം ക്ലാസുകാരൻ ദേശീയ പതാക ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹർഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പ് തന്നെ അദ്‌നാൻ വീട്ടിൽ ത്രിവർണ പതാക ഉയർത്തിയത്.
‘മുഹമ്മദ് അമിൻ ബട്ടിന്റെ മകനാണ താൻ. തന്റെ അച്ഛൻ തെറ്റായ പാതയിലൂടെയാണ് പോകുന്നത്. ആ പാത സ്വീകരിക്കാൻ തനിക്കാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരമാണ് വീട്ടിൽ ദേശീയ പതാക ഉയർത്തിയതെന്നും അദ്‌നാൻ ത്രിവർണ പതാക കൈകളിലേന്തി കൊണ്ട് പറഞ്ഞു. തനിക്ക് ഒരു വെറ്ററിനറി ഡോക്ടർ ആകാനാണ് ആഗ്രഹമെന്നും അദ്‌നാൻ കൂട്ടിച്ചേർത്തു.
ജഹാംഗീർ സരൂരി എന്നറിയപ്പെടുന്ന കിഷ്ത്വാർ ജില്ലയിലെ സരൂർ ഗ്രാമത്തിലെ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ മുഹമ്മദ് അമിൻ ബട്ടിന്റെ മകനാണ് അദ്‌നാൻ. 1990-കളുടെ തുടക്കം മുതൽ കിഷ്ത്വാർ, ദിദ, റംബാൻ ജില്ലകൾ ഉൾപ്പെടുന്ന ചെനാബ് താഴ്വര മേഖലയിൽ തമ്പടിച്ചിരിക്കുന്ന ഭീകരനാണ് സരൂരി. പോലീസിനും സുരക്ഷാ സേനയ്‌ക്കും സാധാരണക്കാർക്കും എതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ ഇയാളെ കണ്ടെത്തുന്നവർക്ക് 50 ലക്ഷം രൂപയാണ് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments