കാസർകോട്: സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ നെറ്റിപ്പട്ടങ്ങളും പേനകളും വിൽപ്പനയക്ക് ഒരുങ്ങി കാസർകോട് ജില്ലാ ജയിൽ. ജയിൽ അന്തേവാസികളാണ് ദേശീയ പതാകയുടെ നിറത്തിലുള്ള നെറ്റിപ്പട്ടങ്ങളും പേനകളും നിർമ്മിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നാണ് കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നത്.
15 ജയിൽ അന്തേവാസികളുടെ രണ്ടാഴ്ചത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ കരകൗശല വസ്തുക്കൾ. വാഹനങ്ങളിൽ തൂക്കിയിടാൻ കഴിയുന്ന ചെറിയ നെറ്റിപ്പട്ടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. 70 രൂപയാണ് ഒരു നെറ്റിപ്പട്ടത്തിന്റെ വില. പേനകളുടെ വില മൂന്ന് രൂപയാണ്. ജയിൽ പരിസരത്തെ പച്ചക്കറി കൃഷിയിൽ നിന്ന് വിളവെടുത്ത വേണ്ട, മുളക്, പയർ എന്നിവയുടെ വിത്തുകൾ ഒട്ടിച്ചാണ് പേന തയാറാക്കിയിരിക്കുന്നത്. നോ ടൂ ഡ്രഗ്‌സ് എന്ന സന്ദേശവും പേനകളിൽ പതിപ്പിച്ചിട്ടുണ്ട്.
‘കരകൗശല വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിലൂടെ ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ സാധിക്കും. ജയിൽ മോചിതരായവർക്ക് പുറത്ത് പോയാൽ ഇത്തരത്തിലുള്ള വസ്തുക്കൾ നിർമ്മിച്ച് ജീവിക്കാൻ ഇതിലൂടെ സഹായകമാകുമെന്നും അതുകൊണ്ട് തന്നെ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് പോകാതെ സമൂഹത്തെയും കുടുംബത്തെയും സംരക്ഷിക്കാൻ സാധിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments