തൃശൂർ: വനിതാ നേതാവിനോട് മോശമായി പെരുമാറിയ നേതാവിനെതിരെ നടപടിയെടുക്കാൻ നിർബന്ധിതരായി സിപിഎം നേതൃത്വം. കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി ആബിദലിയോടാണ് നടപടിയുടെ ഭാഗമായി നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാൻ കെ.ആർ.ജൈത്രന് ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല നൽകി.
തന്നോട് ആബീദലി മോശമായി പെരുമാറിയതായി കാണിച്ച് വനിതാ നേതാവ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാതെ സിപിഎം നേതൃത്വം ഒളിച്ചുകളിച്ചതോടെ മാദ്ധ്യമങ്ങളെ സമീപിക്കുമെന്ന് പരാതിക്കാരി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാൻ സിപിഎം ജില്ലാ നേതൃത്വം ആബീദലിയോട് ആവശ്യപ്പെട്ടത്. എന്നാൽ ചികിത്സാ കാര്യങ്ങൾക്കായാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് ആബീദലി വിഷയത്തിൽ നൽകുന്ന വിശദീകരണം.
ഒരു മാസത്തിനിടെ തൃശൂർ സിപിഎമ്മിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി വൈശാഖനോട് അവധിയിൽ പ്രവേശിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. വൈശാഖനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റുകയും ഏരിയാ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തു. വനിതാ നേതാവിന്റെ പാരതിയെ തുടർന്നായിരുന്നു നടപടി.
Comments