ന്യൂഡൽഹി: ഹർഘർ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി ദേശീയ പതാകയോടൊപ്പം പങ്കുവെച്ച സെൽഫികളുടെ എണ്ണം എട്ട് കോടിയായി. മൂന്ന് ദിവസത്തെ ക്യാമ്പെയ്‌നിൽ ഇതുവരെ 8,81,21,591 സെൽഫികളാണ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുക്കുന്നത്.
ഹർഘർ തിരംഗയുടെ ഭാഗമായി സാമൂഹ്യമാദ്ധ്യമങ്ങളുടെ പ്രൊഫൈൽ ഫോട്ടോകൾ ദേശീയ പതാകയുടെ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി തന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടിലെ ഫോട്ടോ മാറ്റി ത്രിവർണ പതാകയുടെ ചിത്രം അപ്‌ലോഡ് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ 22-നാണ് പ്രധാനമന്ത്രി ഹർ ഘർ തിരംഗ കാമ്പെയിൻ ആരംഭിച്ചത്.
77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. ശേഷം രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം പൗരന്മാർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നു. പ്രിയപ്പെട്ട കുടുംബത്തിലെ 140 കോടി അംഗങ്ങളെ എന്ന് ഭാരതീയരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10-ാമത്തെ ചെങ്കോട്ട പ്രസംഗത്തിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനായി അടുത്തുള്ള അഞ്ച് വർഷങ്ങൾ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ പത്ത് വർഷം പിന്നിട്ടപ്പോൾ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
Comments