റാഞ്ചി: ഈ വർഷം 16 ഏറ്റുമുട്ടലുകളിലായി 9 കമ്യൂണിസ്റ്റ് ഭീകരരെ(മാവോയിസ്റ്റ്) സുരക്ഷാ സേന ഝാർഖണ്ഡിൽ വധിച്ചിട്ടുണ്ടെന്ന് ഝാർഖണ്ഡ് പോലീസ് ഡയറക്ടർ ജനറൽ അജയ് കുമാർ സിംഗ്. കമ്യൂണിസ്റ്റ് തലവന്മാരും ഏരിയ കമാൻഡർമാരുമടക്കം 236 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ സേനയുടെ ശക്തമായ ഇടപെടൽ മൂലം 267 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. പോലീസിന്റെ വൻതോതിലുള്ള മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളാണ് ഇതിന് വഴിവെച്ചത്. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാൻ ഝാർഖണ്ഡ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു ഡിജിപി പറഞ്ഞു.
കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ നീക്കത്തിൽ ഝാർഖണ്ഡ് പോലീസ് അഭൂതപൂർവമായ വിജയം കൈവരിച്ചു. തലവന്മാരടക്കം 236 കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു. ഒരു റീജിയണൽ കമ്മിറ്റി അംഗം, 4 സോണൽ കമാൻഡർമാർ, 6 ഏരിയ കമാൻഡർമാർ ഇതിൽ ഉൾപ്പെടുന്നു. 16 ഏറ്റുമുട്ടലുകളിലായി ആകെ 9 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തെലങ്കാനയിൽ നടത്തിയ സംയുക്ത സുരക്ഷാ ഓപ്പറേഷനിൽ 8 കമ്യൂണിസ്റ്റ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. 20 പോലീസ് ആയുധങ്ങൾ, 10 സാധാരണ ആയുധങ്ങൾ, 75 രാജ്യ നിർമ്മിത ആയുധങ്ങൾ, 8.42 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. 9,162 വെടിയുണ്ടകളും 92 ഐഇഡികളും ആയുധ ശേഖരത്തിലുണ്ടായിരുന്നു.
267 കമ്യൂണിസ്റ്റ് ഭീകരർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങി. സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും 2023-ൽ സൈബർ മോണിറ്ററിംഗ് സെൽ രൂപീകരിച്ചു. 1930 എന്ന ടോൾ ഫ്രീ സൈബർ ഹെൽപ്പ് ലൈൻ നമ്പറും ഝാർഖണ്ഡിൽ ആരംഭിച്ചിട്ടുണ്ട്. 10,802 പരാതികളുടെ അടിസ്ഥാനത്തിൽ 4.13 കോടി രൂപ തടഞ്ഞുവെച്ചിട്ടുണ്ട്. ഇത് വഞ്ചിക്കപ്പെട്ടവർക്ക് തിരികെ നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 2022 മുതൽ 2023 ജൂൺ വരെ മൊത്തം 780 സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരിൽ നിന്ന് 1,469 മൊബൈൽ ഫോണുകൾ, 2226 സിം കാർഡുകൾ, 576 എടിഎം കാർഡുകൾ, 27 ലാപ്‌ടോപ്പുകൾ, ക്ലോൺ മെഷീനുകൾ, സ്വൈപ്പ് കാർഡുകൾ എന്നിവയുൾപ്പെടെ ധാരാളം സാധനങ്ങൾ കണ്ടെടുത്തതായും പോലീസ് ഡയറക്ടർ പറഞ്ഞു.
Comments