ബെംഗലൂരു: കർണാടക കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ പീഡനാരോപണവുമായി എത്തിയ വനിതാ കോൺസ്റ്റബിളിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. കടൂർ പോലീസ് സ്‌റ്റേഷൻ വനിതാ കോൺസ്റ്റബിൾ ലതയെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
കോൺഗ്രസ് നേതാവും കടൂർ എംഎൽഎയുമായ കെ.എസ് ആനന്ദ് തന്നെ ഉപദ്രവിക്കുന്നു എന്നായിരുന്നു ലതാ വാട്ട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. തനിക്ക് ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ അതിന് കെ.എസ് ആനന്ദ് എംഎൽഎയാണ് ഉത്തരവാദിയെന്ന് ലത തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതേതുടർന്ന് ചിക്കമംഗളൂരു എസ്പി ഉമാ പ്രശാന്ത് ഇവരെ സർവ്വിസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെൽമെറ്റ് ധരിക്കാത്തതിന് ചില കോൺഗ്രസ് പ്രവർത്തകർക്ക് ഇവർ പിഴ ചുമത്തിയിരുന്നു. കോൺഗ്രസ് എംഎൽഎ ആനന്ദ് സ്ഥലത്തെത്തി തന്റെ അനുയായികൾക്ക് പിഴ ചുമത്തിയതിനെ ചോദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ എംഎൽഎയുടെ നടപടി വലിയ വിവാദമായി. എന്നാൽ, കോൺഗ്രസ് അധികാരത്തിൽ വന്നതോടെ കടൂർ പോലീസ് സ്റ്റേഷനിൽ നിന്നും ലതയെ സ്ഥലം മാറ്റി. പ്രതികാരത്തെ തുടർന്നാണ് തനിക്കെതിരെ നടപടി സ്വീകരിച്ചത് ലത ആരോപിച്ചു.
ശക്തനായ എംഎൽഎയ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടതിന്റെ പേരിൽ നീതി ലഭിക്കുന്നതിനുപകരം, വനിതാ പോലീസുകാരിയെ സസ്‌പെൻഡ് ചെയ്തു. എന്ന് ബിജെപി വിഷയത്തിൽ വിമർശനം ഉന്നയിച്ചു. ഇവർ ഇപ്പോൾ ജീവൻ പേടിച്ച് ജീവിക്കുകയാണെന്നും കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെ സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രതിസന്ധിയാണെന്നും ബിജെപി ആരോപിച്ചു.
Comments