എറണാകുളം: പിവി അൻവറിനെതിരായ മിച്ചഭൂമി ആരോപണത്തിൽ ലാൻഡ് ബോർഡ് തീരുമാനം ഇന്നുണ്ടായേക്കും. അൻവറും കുടുംബവും കൈവശം വെച്ചത് 73.31 ഏക്കർ ഭൂമിയെന്ന് തെളിയിക്കുന്ന രേഖകൾ ലാൻഡ് ബോർഡിന് ലഭിച്ചിരുന്നു. നടപടിയെടുക്കാൻ വൈകിയതിനാൽ ലാൻഡ് ബോർഡ് ചെയർമാനടക്കം ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറയേണ്ടി വന്ന സാഹചര്യത്തിലാണ് മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിന്റെ തീർപ്പ് വരുന്നത്.
പി.വി. അൻവർ എം.എൽ.എ.യും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവെച്ചെന്ന പരാതിയിൽ നടപടിയെടുക്കാനുള്ള ഉത്തരവ് പാലിക്കാത്തതിൽ ലാൻഡ് ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞാണ് അന്ന് നടപടികളിൽ നിന്ന് ലാൻഡ് ബോർഡ് ചെയർമാൻ അടക്കമുള്ളവർ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ മിച്ചഭൂമി കേസിൽ നടപടിക്രമങ്ങൾ ലാൻഡ് ബോർഡ് വേഗത്തിലാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 10 വരെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കമ്മീഷൻ സമയം നൽകിയിട്ടുണ്ട്. പിവി അൻവറും കുടുംബവും കൈവശം വച്ച 50.49 ഏക്കർ ഭൂമിയുടെ രേഖകൾ പരാതിക്കാരനായ കെ വി ഷാജി ലാൻഡ് ബോർഡിന് സമർപ്പിച്ചിരുന്നു. ബിനാമി ഇടപാടുകളുടെയടക്കം തെളിവുകളും പരാതിക്കാരൻ ലാൻഡ് ബോർഡിന് കൈമാറിയതായും പറയുന്നു. അൻവറും കുടുംബവും ആകെ കൈവശം വച്ചത് 73.31 ഏക്കർ ഭൂമിയെന്ന് തെളിയിക്കുന്ന രേഖകൾ ലാൻഡ് ബോർഡിന്റെ പക്കൽ ഇപ്പോൾ തന്നെയുണ്ട്. ലാൻഡ് ബോർഡിന്റെ ഓഥറൈസ്ഡ് ഓഫീസർ പി വി അൻവറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ മറച്ചുവെച്ചെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.
Comments