തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി. ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ കെഎസ്ഇബി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഓ?ഗസ്റ്റ് 21-ന് നൽകണമെന്നാണ് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം ഈ ദിവസം ഉണ്ടായേക്കും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് നിലവിൽ പദ്ധതി ഇട്ടിരിക്കുന്നത്. പവർകട്ട് ആവശ്യമാണോ എന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഉണ്ടാകും.
സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും ഇതിനാൽ തന്നെ അധിക വൈദ്യുതി ആവശ്യമായി വരികയാണെങ്കിൽ പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്.
എന്നാൽ, എത്ര രൂപയ്‌ക്കാണ് പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതിനെ അശ്രയിച്ചാകും വൈദ്യുതി ചാർജിൽ വർദ്ധനവ് വരിക എന്നും റെഗുലേറ്ററി ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. നിലവിൽ നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിക്കുകയും താത്ക്കാലിക സ്റ്റേ നേടുകയും ചെയ്തിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്‌ച്ചക്കുള്ളിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും.
Comments