ന്യൂഡൽഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഛത്തീസ്ഗഡിലെയും മദ്ധ്യപ്രദേശിലെയും ഒരുക്കങ്ങൾ ചർച്ച ചെയ്തു. 90 സീറ്റുകളിൽ, 27 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കമ്മിറ്റി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി സീറ്റുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിജയസാധ്യത കുറവുള്ള സീറ്റുകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് സഹായിക്കും. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിൽ 50 ശതമാനത്തോളം സീറ്റുകളിൽ ബിജെപി പുതുമുഖങ്ങളെയാകും പരീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഓം പ്രകാശ് മാത്തൂർ, സഹ-ഇൻചാർജ് മൻസുഖ് മാണ്ഡ്വിയ, മുൻ മുഖ്യമന്ത്രി രമൺ സിംഗ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഢ് ബിജെപി അദ്ധ്യക്ഷൻ അരുൺ സാവോ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ മദ്ധ്യപ്രദേശിലാണ് ബിജെപി അധികാരത്തിലുള്ളത്.
കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതുൾപ്പെടെ താഴെത്തട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്രം സംസ്ഥാന നേതൃത്വത്തിൽ നിന്നും വിശധീകരണം തേടി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമ്മ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
Comments