മുബൈ: പ്രണയം നിരസിച്ചതിൽ 12 കാരിയെ കുത്തികൊലപ്പെടുത്തി 20 കാരൻ. മുംബൈ കല്യാൺ ഈസ്റ്റിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. പ്രണിത ദാസ് എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി (20) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുമായുള്ള പ്രണയം പെൺകുട്ടി നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തിസ്ഗാസിലെ ദുർഗാ ദർശൻ സൊസെെറ്റിയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. പെൺകുട്ടി പ്രണയാഭ്യർത്ഥന സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ ദിവസം രാത്രിയും യുവാവ് മണിക്കൂറുകളോളം കുട്ടിയുടെ വീടിന് മുന്നിൽ ചുറ്റിതിരിഞ്ഞിരുന്നു.
രാത്രി എട്ടുമണിയോടെ ട്യൂഷൻ കഴിഞ്ഞതിന് ശേഷം അമ്മയോടൊപ്പം പെൺകുട്ടി വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലേയ്‌ക്കുള്ള പടികൾ കയറുന്നതിനിടെ പുറകിലൂടെ വന്ന് അമ്മയെ തള്ളിമാറ്റി യുവാവ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതരമായ പരിക്കേറ്റ കുട്ടി പടിയിൽ നിന്നും താഴേക്ക് വീണു. സംഭവം തടയാൻ പെൺകുട്ടിയുടെ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
അമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തിയ കത്തി കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Comments