എറണാകുളം: ആലുവയിൽ വിദ്യാര്‍ത്ഥിയുടെ ദാരുണ അപകടത്തിനിടയാക്കിയ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. ആലുവ കോമ്പാറ റൂട്ടിലോടുന്ന ആയിഷ മോൾ ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ വിദ്യാർത്ഥി ഇറങ്ങുന്നതിന് മുൻപേ അടച്ചതാണ് അപകടത്തിന് കാരണമായത്. പകുതി ശരീരം വാതിലിനിടയില്‍ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളമാണ് ബസ് വലിച്ചിഴച്ച് കൊണ്ടുപോയത്.
കഴിഞ്ഞ ഒൻപതാം തിയതിയാണ് നാടിനെ നടുക്കിയ സംഭവം. ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവ ദിവസം പമ്പ് ജങ്ഷനില്‍ വെച്ച് കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാൽ കുട്ടിയുടെ ശരീരത്തിന്റെ പാതിഭാഗം ബസിനുള്ളിലും തലയുള്‍പ്പടെയുള്ള ഭാഗം ബസിന് പുറത്തേക്കുമായി 50 മീറ്ററോളം ബസ് മുന്നോട്ട് പോയിരുന്നു.
സംഭവം ശ്രദ്ധയിൽ പ്പെട്ടതോടെ വഴിയാത്രക്കാരും ബസിലുള്ളവരും ഒച്ചവെച്ച് ബസ് നിർത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപകടത്തില്‍പ്പെട്ട കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് ബസ് കടന്നുകളഞ്ഞു. ഇതോടെ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി നടപടിയെടുത്തത്. ആയിഷ മോള് ബസിലെ ജീവനക്കാരാണ് ഗുരുതരമായ നിയമ ലംഘനം നടത്തിയത്. ഇതുവരെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിനും കണ്ടെത്താനായിട്ടില്ല.
Comments