തൃശൂർ: ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ 14കാരന്റെ വയറ്റിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി മാനേജ്‌മെന്റ്. സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ദയാ ആശുപത്രി വർക്കിംഗ് ഡയറക്ടർ അബദുൾ ജബ്ബാർ. വാക്കാലുള്ള പരാതിയാണ് ലഭിച്ചിരിക്കുന്നതെന്നും രേഖാമൂലം പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും അബ്ദുൾ ജബ്ബാർ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതായി അറിഞ്ഞെന്നു അദ്ദേഹം പറഞ്ഞു.
ജൂൺ 12നാണ് വയറുവേദനയെ തുടർന്ന് മുഹമ്മദ് സഹീമിനെ തൃശൂരിലെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പൻഡിക്‌സ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്നു തന്നെ ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും 14 കാരന് വയറുവേദനയ്‌ക്ക് ശമനമുണ്ടായില്ല. സ്‌കൂളിൽ പോയ കുട്ടി നിർത്താതെ ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് ദയാ ആശുപത്രിയിൽ മൂന്ന് തവണ കുട്ടിയുമായി കുടുംബം പോയപ്പോൾ വീണ്ടും സ്‌കാനിങ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ കുടുംബം മറ്റൊരു സ്വകാര്യ ആശുപത്രിയെ സ്‌കാനിംഗിനായി സമീപിച്ചു. തുടർന്ന് ലഭിച്ച എക്‌സ്-റേ റിപ്പോർട്ടിലാണ് ദയ ആശുപത്രിയിൽ നിന്നും നടത്തിയ ശാസ്ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങിയതായി കണ്ടെത്തിയത്.
ഓഗസ്റ്റ് 5ന് കുട്ടിയുടെ വയറ്റിൽ നിന്നും സർജിക്കൽ ക്ലിപ്പ് നീക്കം ചെയ്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം റിപ്പോർട്ടുകളുമായി ദയാ ആശുപത്രിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. തുടർന്നാണ് കുടുംബം ഇന്ന് വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വരും ദിവസങ്ങളിൽ ഡി എം ഒയ്‌ക്ക് ഉൾപ്പെടെ പരാതി നൽകാനാണ് തീരുമാനം.
Comments