ബെംഗളൂരു: മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കേസിൽ മൂന്നു പേരെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. ബന്നാർഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേർന്ന് ബ്യാതരായനതൊടി സ്വദേശിനിയായ മുപ്പത്തെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. യുവതിയെ കുറ്റിക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവതിക്കായി തിരച്ചിൽ നടത്താൻ മൂന്നുപേർ എത്തിയത്. എന്നാൽ ഈ സഹായിച്ച മൂന്നു പേരാണ് അറസ്റ്റിലായതെന്നും പോലീസ് വ്യക്തമാക്കി. ഇവരിലൊരാൾ ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിനു പ്രതികരണം നൽകിയതോടെയാണ് കള്ളിവെളിച്ചത്തായത്. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തിയതായി അയാൾ അവകാശപ്പെടുകയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേസ് അന്വേഷിക്കാൻ പോലീസ് നാല് സംഘങ്ങൾ രൂപീകരിച്ചിരുന്നു. തുടർന്ന് പ്രതികളിലൊരാളുടെ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. നിരന്തരം മൊഴി മാറ്റി പറഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് തന്റെ രണ്ടു സുഹൃത്തുക്കളും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. മാത്രമല്ല സംഭവസമയത്ത് പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടിട്ടുണ്ടായിരുന്നെന്നും ഇയാൾ പോലീസിനോടു വ്യക്തമാക്കി. തുടർന്നാണ് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ കാലിൽ വെടിവച്ചു വീഴ്ത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാൾ ചികിത്സയിലാണ്. പ്രതികളിൽ ഒരാളാണ് കുറ്റിക്കാട്ടിൽനിന്നു യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് മൃതദേഹം പോലീസ് തിരിച്ചറിഞ്ഞത്.
Comments