കോട്ടയം: ശബരിമല തീർത്ഥാടന വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തൃക്കയിൽ ക്ഷേത്രം കുളിക്കടവിൽ മത്സ്യ,മാംസ മാലിന്യങ്ങൾ. ചെത്തിമറ്റം തൃക്കയിൽ മഹാദേവ ക്ഷേത്രം വക മീനച്ചിലാറ്റിലെ കുളിക്കടവിലാണ് മത്സ്യമാംസ മാലിന്യങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കുളിക്കടവിൽ മാലന്യങ്ങൾ കണ്ടത്. മാലിന്യമാകെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് മൂലം പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നൂറു കണക്കിന് ഭക്തരുടെ സ്നാന കേന്ദ്രമാണ് ഇവിടം. മാലിന്യങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് മൂലം ക്ഷേത്രത്തിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് കുളിക്കാൻ സാധിക്കുന്നില്ല. നാട്ടുകാർ പൊതുവെ ഉപയോഗിക്കുന്നത് കൂടിയാണ് ഈ ക്ഷേത്രക്കടവ്. ഇവിടെ മത്സ്യ, മാംസാദികളുടെ മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് ഭക്തജനങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പാലാ നഗരസഭാധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഭക്തജനങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.
ക്ഷേത്ര കുളിക്കടവിൽ മത്സ്യമാംസ മാലിന്യങ്ങൾ തള്ളിയ സാമൂഹിക ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ അധികൃതരും പാലാ പോലീസും തയ്യാറാകണമെന്നും തൃക്കയിൽ മഹാദേവക്ഷേത്രം ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Comments