ശബരിമലയിൽ തലമുറമാറ്റത്തിന്റെ അപൂർവ കാഴ്ചകൾ . സന്നിധാനത്തെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകാൻ താഴമൺ മഠത്തിലെ ഇളയ തലമുറക്കാരനായ കണ്ഠര് ബ്രഹ്മദത്തന്‍ എത്തിയതോടെയാണ് ശബരിമലയിലെ താന്ത്രിക കർമങ്ങൾക്ക് തലമുറമാറ്റമായത് .മുഴുവൻ സമയവും പൂജകൾക്കായി മാറ്റണമെന്ന അച്ഛൻ തന്ത്രി കണ്ഠര് രാജീവരുടെ നിർദേശം സ്വീകരിച്ച ബ്രഹ്മദത്തൻ അടുത്തിടെ സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ചു. 8 വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു. അതിനാൽ ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും താന്ത്രിക കർമങ്ങളുടെ ചുമതല ഏറ്റെടുക്കാം.
ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു ബിബിഎ, എല്‍എല്‍ബി നേടി ബ്രഹ്‌മദത്തന്‍ കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വര്‍ഷം ബെംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍റ്റിങ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്‌കോട്ലന്‍ഡില്‍ എല്‍എല്‍എം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ ഒരുവര്‍ഷം ആയപ്പോഴാണു കഠ്ണര് രാജീവരുടെ നിര്‍ദേശ പ്രകാശം ജോലി രാജിവച്ചത്.
ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്‌ക്ക് അച്ഛനൊപ്പം സഹകാർമികനായി. കർക്കടകമാസ പൂജയ്‌ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും എങ്ങനെയാണ് കൃത്യതയോടെ പിതാവ് പഠിപ്പിച്ചു .
നിറപുത്തരി പൂജയോടെ തന്ത്രി കണ്ഠര് രാജീവര് ഒരുവർഷത്തെ താന്ത്രിക നിയോഗം പൂർത്തിയാക്കി മലയിറങ്ങി. താഴമൺ മഠത്തിലെ ധാരണ അനുസരിച്ച് ചിങ്ങം ഒന്ന് മുതൽ ഒരു വർഷം കണ്ഠര് മഹേഷ് മോഹനർക്കാണു ചുമതല. ഒരു വർഷത്തിനു ശേഷമേ പൂർണ ചുമതല ബ്രഹ്മദത്തനു കൈമാറാനാകൂ. അതിനുള്ള തയാറെടുപ്പാണ് ഇപ്പോൾ തുടങ്ങിയത്
Comments