കോട്ടയം; ഓണം ആഘോഷിക്കുന്നതിന് പാകിസ്താൻ പൗരൻ കേരളത്തിലേക്ക്. അജ്മാനിൽ താമസിക്കുന്ന തൈമൂർ താരിഖാണ് ഓണം ആഘോഷിക്കുന്നതിനായി ഭാര്യ ശ്രീജയുമായി കേരളത്തിലെത്തുന്നത്. ഭാര്യയുടെ നാട്ടിൽ ആദ്യമായി പോകുന്നതിന്റെ സന്തോഷത്തിലാണ് തൈമൂർ താരിഖ്. കോട്ടയം പുതുപ്പള്ളിയിലാണ് ഭാര്യയുടെ വീട്.
വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഓണാഘോഷത്തിനായി കേരളത്തിലെത്താൻ തൈമൂർ താരിഖനും ഭാര്യ ശ്രീജയ്‌ക്കും സാധിച്ചത്. അജ്മാനിൽ ബിസിനസുകാരനായ തൈമൂറും നേഴ്സായ ശ്രീജയും 2018 ഏപ്രിലിലാണ് വിവാഹിതരായത്. അന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിസയ്‌ക്കായി പലതവണ അപേക്ഷിച്ചെങ്കിലും പലകാരണങ്ങൾ കൊണ്ട് മുടങ്ങുകയായിരുന്നു.
ബന്ധു മരിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശ്രീജ പുതുപ്പള്ളിയിലേക്ക് പോയത്. ഇനി തൈമൂറിനൊപ്പം മടങ്ങാനാണ് തീരുമാനം. കേരളം ഏറെ ഇഷ്ടപ്പെടുന്ന തൈമൂറിന് മലയാളി സുഹൃത്തുക്കളാണ് കൂടുതലുമുള്ളത്. തൈമൂർ മുമ്പ് ഒരു ഓണക്കാലത്ത് മലയാളത്തിൽ ഓണാശംസകൾ നേർന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Comments