ഓണത്തിന് വർണവസന്തം തീർക്കാൻ ശീലയംപെട്ടി ഒരുങ്ങി കഴിഞ്ഞു. സമൃദ്ധമായ പൂപ്പാടങ്ങളും സജീവമായ പൂ വിപണിയും കൊണ്ട് പ്രസിദ്ധമായ ഗ്രാമമാണ് തമിഴ്നാട് തേനിയിൽ സ്ഥിതി ചെയ്യുന്ന ശീലയംപെട്ടി. ഓണം മാത്രം ലക്ഷ്യമാക്കി കൃഷിചെയ്യുന്നവരാണ് തമിഴ്നാട് ശീലയംപെട്ടിയിലെ പൂ കർഷകർ. തേനിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ ഉദ്യാനം. ഇവിടെ നിന്നാണ് മദ്ധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതൽ പൂക്കളെത്തുന്നത്. ശീലയംപെട്ടിയിലെ പൂപ്പാടങ്ങളിൽ നിറഭേതങ്ങളുടെ മനം കവരുന്ന കാഴ്ചയാണ് ലഭിക്കുന്നത്. നാണം കൊണ്ട് തല കുനിയ്ക്കുന്ന സുന്ദരികളെപ്പോലെയാണ് അരളിയും വാടാമുല്ലയും ജമന്തിയുമൊക്കെ ഉദ്യാനത്തിൽ വിരിഞ്ഞ് നിൽക്കുന്നത്.
പൂക്കളുടെ വിസ്മയ ലോകമാണ് ശീലയംപെട്ടി കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ചെറുകാറ്റിൽ ഇളകിയാടുന്ന പൂക്കൾ. ഓണക്കാലത്ത് അത്തച്ചമയം മുതൽ തിരുവോണം വരെ പൂക്കളം ഒരുക്കുന്നതിനായി ഈ ഉദ്യാനത്തിൽ നിന്നാണ് കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്. നൂറ് കണക്കിന് ഏക്കർ സ്ഥലത്താണ് ശീലയംപെട്ടിയിൽ പൂകൃഷി ഒരുക്കിയിരിക്കുന്നത്. റോസ്, ചെണ്ടുമല്ലി, മുല്ല, അരളി, വാടാമുല്ല, ജമന്തി, ബന്തി എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇലകളുടെ പച്ചപ്പിനിടയിൽ വിരിഞ്ഞ് നിൽക്കുന്ന പല നിറത്തിലുള്ള പൂക്കൾ. സൂര്യോദയത്തിൽ വിടർന്ന നിൽക്കുന്ന പൂക്കളുടെ മനോഹാരിത തികച്ചും കണ്ണിന് കുളിർമ പകരുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ പൂപ്പാടങ്ങളിൽ നിന്നാണ് മലയാള മണ്ണിലേക്ക് പൂക്കൾ എത്തുന്നത്.
ഓണത്തോടനുബസിച്ച് നൂറുകണക്കിന് ആളുകളാണ് കേരളത്തിൽ നിന്ന് ദിവസേന ശീലയംപെട്ടി
ഗ്രാമത്തിലെത്തുന്നത്. വിവിധ വർണങ്ങളിൽ പട്ടുവിരിച്ച പോലെ പൂക്കൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ ചന്തമാണ്. ശീലയംപെട്ടിയെ കൂടാതെ തേനിയിലെ കമ്പം, ചുരുളി, മീനാക്ഷിപുരം, ചിന്നമന്നൂർ, പണ്ണപ്പുറം, മുത്തുലാപുരം, അയ്യംപെട്ടി, തന്തരംപെട്ടി, അളകാപുരി എന്നിവിടങ്ങളിലും ഏക്കറോളമാണ് പൂകൃഷി വ്യാപിച്ചു കിടക്കുന്നത്. ഓണത്തിനായി മലയാളികളെക്കാൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ശീലയംപെട്ടിയിലെ പൂവ് കൃഷി ചെയ്യുന്ന കർഷകരാണ്. പുലർച്ചെ നാല് മണി മുതൽ ആറ് വരെയാണ് പൂക്കളുടെ വിളവെടുപ്പ്. പിന്നീട് സൂര്യാസ്തമയത്തിന് ശേഷവും വിളവെടുക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് 100 മുതൽ 150 രൂപ വരെ വില വർദ്ധനയുണ്ട്. കമ്പം, തേനി, ഉസിലംപെട്ടി എന്നിവിടങ്ങളിലെ മാർക്കറ്റുകൾ വഴിയാണ് പൂക്കൾ വിപണിയിലെത്തുന്നത്.
Comments