ന്യൂഡൽഹി : ഡൽഹി വഖഫ് ബോർഡിന്റെ 123 സ്വത്തുക്കൾ ഏറ്റെടുക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ . രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദർഗകളും ശ്മശാനങ്ങളും ഉൾപ്പെടെ ഡൽഹി വഖഫ് ബോർഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. തീരുമാനം അറിയിച്ച് ബോർഡ് ചെയർമാൻ അമാനത്തുള്ള ഖാന് മന്ത്രാലയം കത്തയച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പാർലമെന്റ് മന്ദിരത്തിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ന്യൂ ഡൽഹി ജുമാ മസ്ജിദ്, ഡൽഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ച് തിങ്കളാഴ്ച ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് പരിശോധിക്കും. അതേസമയം വഖഫ് ബോർഡ് ചെയർമാനും ആം ആദ്മി പാർട്ടി എംഎൽഎയുമായ അമാനത്തുള്ള ഖാൻ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി . വഖഫ് ബോർഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്ന് അമാനത്തുള്ള ഖാൻ പറഞ്ഞു.
എന്നാൽ ഡിനോട്ടിഫൈഡ് വഖഫ് സ്വത്തുക്കളുടെ വിഷയത്തിൽ ജസ്റ്റിസ് (റിട്ടയേർഡ്) എസ്.പി. ഗാർഗിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഡൽഹി വഖഫിൽ നിന്ന് എതിർപ്പ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് (എൽ ആൻഡ് ഡിഒ) അറിയിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ഗവൺമെന്റ് ഈ കമ്മിറ്റി രൂപീകരിച്ചതെന്ന് എൽ ആൻഡ് ഡിഒ കത്തിൽ പറയുന്നു.
Comments